വിമാന വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന യാത്രക്കാരൻ: കീഴ്പ്പെടുത്താന്‍ ശ്രമിച്ച് മറ്റ് യാത്രക്കാര്‍

  • 09/07/2023





വീഡിയോയില്‍ ഒരു യാത്രക്കാരന്‍ വിമാനത്തിന്‍റെ വാതില്‍ തുറക്കാനായി ഓടുന്നതും മറ്റ് യാത്രക്കാര്‍ അയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോ നിരവധി പേരെ ഭയചകിതരാക്കി. അടുത്ത കാലത്തായി വിമാനയാത്രക്കാരില്‍ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള സമാനമായ പ്രശ്നങ്ങളായിരുന്നു വീഡിയോ കണ്ട പലരും സൂചിപ്പിച്ചിരുന്നതും. ഡോ. അനസ്താസിയ മരിയ ലൂപ്പിസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഡോ. അനസ്താസിയ മരിയ ലൂപ്പിസ് ഇങ്ങനെ കുറിച്ചു, ' ഒരു ബ്രിട്ടീഷുകാരൻ വിമാനത്തിൽ തന്‍റെ അരികിലിരിക്കുന്ന യാത്രക്കാരനെ വളരെ മോശമായി ശല്യപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു, അയാൾ വിമാനത്തിന്‍റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. ആദ്യം യുഎസിൽ ഒരു സ്ത്രീ. ഇപ്പോൾ ഇത്. എന്താണ് സംഭവിക്കുന്നത്?' ഡോ. അനസ്താസിയ മരിയ ലൂപ്പിസ് അസ്വസ്ഥയായി. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. ഇതിനകം തൊണ്ണൂറ് ലക്ഷം പേരാണ് വീഡിയോ കണ്ടത്.

നിരവധി പേര്‍  വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. എറിന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവെഴുതിയത്,'ഞാന്‍ ആ ഫ്ലൈറ്റില്‍ ഉണ്ടായിരുന്നു അയാള്‍ ആ സമയം വളരെ വൈകാരികമായിരുന്നു.' തുടര്‍ന്ന് എറിന്‍ ഇങ്ങനെ എഴുതി.,' 27 കാരനായ അദ്ദേഹം ബ്രിട്ടീഷ് പ്രൊഫഷണൽ ബോക്സറാണ്. 

മുഴുവൻ പ്രക്രിയയിലും അദ്ദേഹം അങ്ങേയറ്റം പ്രകോപിതനും ആവേശഭരിതനുമായിരുന്നു. പല യാത്രക്കാരും അവനെ കീഴ്പ്പെടുത്താൻ പരമാവധി ശ്രമിച്ചു.' വീഡിയോയിലും ആ സംഘട്ടന രംഗങ്ങളുണ്ടായിരുന്നു. ഒരു യാത്രക്കാരന്‍ സീറ്റില്‍ നിന്നും എഴുനേല്‍ക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇയാളെ പിന്തിരിപ്പിക്കാന്‍ എയര്‍ ഹോസ്റ്റസ് ശ്രമിക്കുന്നതും കാണാം. എന്നാല്‍ ആക്രോശിച്ച് കൊണ്ട് എഴുനേല്‍ക്കുന്ന യാത്രക്കാരന്‍ പെട്ടെന്ന് വിമാനത്തിന്‍റെ വാതില്‍ തുറക്കാനായി വാതില്‍ക്കലേക്ക് ഓടുന്നു. 

ഇതിനിടെ മറ്റൊരു യാത്രക്കാരന്‍ എതിരെ വന്ന് ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. അയാളെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കൂടി ഓടിവന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കീഴ്പ്പെട്ടുത്തുന്നതോടെ വീമാനത്തിലെ യാത്രക്കാരെല്ലാം തങ്ങളുടെ സീറ്റില്‍ നിന്നും എഴുനേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ തത്സമയ വിവരണം നല്‍കുന്ന ഒരു സ്ത്രീ ശബ്ദവും ഒപ്പം വിമാനത്തിലെ മറ്റ് യാത്രക്കാരുടെ ആക്രോശങ്ങളും മറ്റുമായി ശബ്ദമുഖരിതമാണ്. 

Related News