രക്ഷിതാക്കള്‍ ചൂടുള്ള കാറില്‍ നിന്നും ഇറക്കാൻ മറന്ന 18 മാസം പ്രായമുള്ള കുട്ടി ചൂടേറ്റ് മരിച്ചു

  • 09/07/2023

ന്യൂയോര്‍ക്ക്: രക്ഷിതാക്കള്‍ ചൂടുള്ള കാറില്‍ നിന്നും ഇറക്കാൻ മറന്ന 18 മാസം പ്രായമുള്ള കുട്ടി ചൂടേറ്റ് മരിച്ചു. സംഭവത്തില്‍ ദമ്ബതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ താപസൂചിക 105 ഡിഗ്രിയുള്ളപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാവിലെ 11 മണി വരെ കുട്ടിയെ കാറില്‍ ഒറ്റക്കിരുത്തുകയായിരുന്നു.


മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളായ ജോയലും ജാസ്മിൻ റോണ്ടനും ജുലൈ നാലിന് തങ്ങളുടെ മൂന്ന് കുട്ടികള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയും പിറ്റേ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ ജാസ്മിൻ മുതിര്‍ന്ന കുട്ടികളെ വീട്ടിനകത്തേക്ക് കൊണ്ടു പോവുകയും മകളെ അകത്തേക്ക് കൊണ്ടുവരാൻ ഭര്‍ത്താവിനോട് പറയുകയും ചെയ്തു. എന്നാല്‍ ഇയാള്‍ അത് മറന്നു പോവുകയും ഭാര്യ കുട്ടിയെ അകത്തേക്ക് കൊണ്ട് വന്നിട്ടുണ്ടെന്ന് അനുമാനിക്കുകയും ചെയ്തു. രാവിലെ ഉറങ്ങി എഴുന്നേറ്റ അവര്‍ കുഞ്ഞിനെ കാണത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടനുസരിച്ച്‌ കുട്ടിയുടെ ശരീര താപനില 104 ഡിഗ്രി ഫാരൻഹീറ്റാണെന്നും കുട്ടിയുടെ മരണ കാരണം കാറില്‍ ഉപേക്ഷിച്ചത് മൂലമുള്ള ഹൈപ്പര്‍ തെര്‍മിയയാണെന്നും പോലീസ് പറഞ്ഞു.സംഭവത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്ബതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇപ്പോള്‍ ദമ്ബതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് പോള്‍ക്ക് കൗണ്ടി ജയിലടച്ചു. ദമ്ബതികളുടെ മറ്റ് കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Related News