ഭാരം കൂടിയതിനാല്‍ ടേക്കോഫിന് മുമ്പ് 20 യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി

  • 10/07/2023




മോശം കാലാവസ്ഥയും വിമാനത്തിലെ അമിത ഭാരവും ചൂണ്ടിക്കാട്ടി ഈസിജെറ്റ് തങ്ങളുടെ വിമാനത്തിലെ യാത്രക്കാരായ 20 പേരോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ജൂലൈ 5 ന് ലാൻസറോട്ടിൽ നിന്ന് ലിവർപൂളിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോകളില്‍ വിമാന യാത്രക്കാരോട് സംസാരിക്കവെ 'പറന്നുയരാന്‍ കഴിയാത്തയത്രയും ഭാരം വിമാനത്തിനുള്ളതായി' പൈലറ്റ് പറയുന്നത് കേള്‍ക്കാം. 

യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറയുന്നു. വീഡിയോയുടെ തുടക്കത്തില്‍ വിമാനത്തിന് എന്തുകൊണ്ടാണ് വായുവിലൂടെ സഞ്ചരിക്കാൻ കഴിയാത്തത് എന്നതിന്‍റെ സാങ്കേതികത വിശദീകരിക്കാൻ പൈലറ്റ് ശ്രമിക്കുന്നു.

പ്രതികൂലമായ കാറ്റും ചെറിയ റണ്‍വേയുമാണ് വിമാനം പുറപ്പെടാന്‍ കഴിയാത്തതിന്‍റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 'കാരണം നിങ്ങള്‍ ഒരുപാടു പേരുണ്ട്. ഇത് വളരെ ഭാരമുള്ള വിമാനമാണ്. വളരെ ചെറിയ റൺവേയും ഒപ്പം പ്രതികൂലമായ കാറ്റും. 

എല്ലാം കൂടി ചേര്‍ന്ന് ലാൻസറോട്ടിലെ നിലവിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം, വിമാനം പുറപ്പെടാൻ കഴിയാത്തത്ര ഭാരമുള്ളതാക്കി, ”അദ്ദേഹം പറഞ്ഞു. “സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന, നിലവിലെ കാറ്റിന്‍റെ അവസ്ഥയിൽ, ഈ വിമാനം ആകാശത്തെത്തിക്കുവാന്‍ ഒരു മാർഗവുമില്ല. നിരവധി ഘടകങ്ങളുണ്ട്, അത് വളരെ ചൂടാണ്, കാറ്റ് അതിശയകരമല്ല, പക്ഷേ, ദിശ മികച്ചതല്ല." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒടുവില്‍ പ്രശ്നപരിഹാരത്തിന് എയര്‍ ലൈന്‍ കണ്ടെത്തിയ മാര്‍ഗ്ഗം വിമാനത്തിന്‍റെ ഭാരം കുറയ്ക്കുക എന്നതായിരുന്നു. തുടര്‍ന്ന് പൈലറ്റ് തന്‍റെ വിമാനത്തിലെ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. "സാധ്യമെങ്കിൽ, ഇന്ന് രാത്രി ലിവർപൂളിലേക്ക് പറക്കേണ്ടെന്ന് വയ്ക്കാന്‍ 20 യാത്രക്കാരോട് ഞാൻ ആവശ്യപ്പെടുന്നു." പിന്നാലെ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് എയര്‍ലൈന്‍ പണം നല്‍കുമെന്ന അറിയിപ്പുണ്ടായി.' ഇന്ന് രാത്രി പറക്കാതിരിക്കാന്‍ തയ്യാറുള്ള ഒരു യാത്രക്കാരന് 500 യൂറോ (ഏകദേശം 45,000 രൂപ) നല്‍കാ'മെന്നാണ് ഈസിജെറ്റ് അറിയിച്ചു. 

വിമാനത്തിന്‍റെ ഭാര പരിധി കവിയുമ്പോള്‍ യാത്രക്കാരെ കുറയ്ക്കുന്നത് 'ഒരു സാധാരണ പ്രവര്‍ത്തിയാണെന്ന്' പിന്നീട് എയര്‍ലൈന്‍ വക്താവ് സ്ഥിരീകരിച്ചു. "ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഈസിജെറ്റിന്‍റെ ഏറ്റവും ഉയർന്ന മുൻഗണനയാണ്," പ്രതിനിധി പറഞ്ഞു. വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായ യാത്രക്കാര്‍ക്ക് പിന്നീട് മറ്റൊരു വിമാനത്തില്‍ സൗജന്യ യാത്ര നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Related News