'പരിസ്ഥിതിയെ നോവിയ്ക്കാൻ വയ്യ, ഞാനെന്റെ സ്വകാര്യ ജെറ്റ് വിൽക്കുകയാണ്': സ്വകാര്യ ജെറ്റ് വിൽക്കാൻ തീരുമാനിച്ച് കോടീശ്വരൻ

  • 12/07/2023



ന്യൂയോർക്ക്: സ്വകാര്യ ജെറ്റ് വിൽക്കാൻ തീരുമാനിച്ച് കോടീശ്വരൻ. പാട്രിയോട്ടിക് മില്യണയേഴ്‌സിന്റെ വൈസ് ചെയർമാൻ സ്റ്റീഫൻ പ്രിൻസാണ് തന്റെ സ്വകാര്യ ജെറ്റായ സെസ്ന 650 സിറ്റേഷൻ വിൽക്കുന്ന കാര്യം അറിയിച്ചത്. 

വാണിജ്യ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ ജെറ്റിന്റെ കാർബൺ ബഹിർ​ഗമനം വളരെക്കൂടുതലാണെന്നും സ്വകാര്യജെറ്റ് ഉപയോ​ഗം പരിസ്ഥിതിക്ക് ദോഷമാണെന്നുമുള്ള തിരിച്ചറിവുണ്ടായതിനെ തുടർന്നാണ് വിമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇടത്തരം, ലോംഗ് റേഞ്ച് കോർപ്പറേറ്റ് ജെറ്റായിരുന്നു സ്റ്റീഫൻ പ്രിൻസിന് സ്വന്തമായുണ്ടായിരുന്നത്.

പരിസ്ഥിതിയോടും ഭാവി തലമുറകളോടും ചെയ്യുന്ന തെറ്റിനെ അവഗണിക്കാൻ ഇത്രയും കാലം കഴിഞ്ഞുവെന്ന വസ്തുത തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു. ഇനി ഇത് തുടരാനാകില്ല. യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് സ്വകാര്യ ജെറ്റ്. പക്ഷെ ഞാൻ അത് ഉപേക്ഷിക്കുകയാണ്. 

ഇനി സാധാരണ വിമാനത്തിലായിരിക്കും യാത്ര. ഈ വർഷം മാർച്ചിലാണ് സ്വകാര്യ ജെറ്റ് ഉപേക്ഷിക്കുമെന്ന തീരുമാനമെടുത്തത്. ഞാൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഉപയോ​ഗിക്കുന്ന വിമാനത്തിന് മുമ്പ് ആറ് പ്രൈവറ്റ് ജെറ്റുകളാണ് ഇദ്ദേഹം ഉപയോ​ഗിച്ചത്. ഏറ്റവും വിലകൂടിയ ജെറ്റാണ് ഇപ്പോൾ ഉപയോ​ഗിക്കുന്ന സിറ്റേഷൻ. നടത്തിപ്പിനായി മാത്രം പ്രതിവർഷം 275,000 ഡോളർ മുതൽ 300,000 വരെ ചെലവാക്കണം.

Related News