ഇനി ഫ്രാൻസിലും യുപിഐ സംവിധാനം ഉപയോഗിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി

  • 14/07/2023



ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ സംവിധാനം ഉപയോഗിച്ച് ഉടൻ തന്നെ ഫ്രാൻസിൽ പണമിടപാടുകൾ നടത്താൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിൽ നിന്ന് യുപിഐ ഉപയോഗിച്ച് ഉടൻ തന്നെ രൂപയിൽ പണമിടപാട് നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഐ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയും ഫ്രാൻസും ധാരണയിലെത്തിയതായും പ്രധാനമന്ത്രി അറിയിച്ചു

ഫ്രാൻസിലും യുപിഐ സംവിധാനം നിലവിൽ വരുന്നതോടെ, ഫ്രാൻസിലെ ഇന്ത്യക്കാർക്ക് രൂപയിൽ ഇടപാട് നടത്താൻ കഴിയുമെന്നും, ഇത് അവരുടെ ഇടപാടുകൾ സുഗമമാക്കുമെന്നും, പുതിയ സാധ്യതകൾക്ക് വഴിതുറക്കുമെന്നും ഏകീകൃത പേയ്‌മെന്റ് സംവിധാനത്തെ പരാമർശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു

2022-ലാണ്, നാഷണൽ പേയ്‍മെന്റ് കോർപറേഷൻ (എൻപിസിഐ), ഫ്രാൻസിന്റെ വേഗമേറിയതും സുരക്ഷിതവുമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു .ഇതുവഴി ഫ്രാൻസിലുള്ള യുപിഐ ഉപയോക്താക്കൾക്ക് രൂപയിൽ ഈസിയായി പണമിടപാട് നടത്താം. 

നിലവിൽ സിംഗപ്പൂരിൽ യുപിഐ ഇടപാടുകൾ നടത്താവുന്നതാണ്. ഈ വർഷം , യുപിഐയും സിംഗപ്പൂരിന്റെ പേനൗവുമായി കരാറിൽ ഒപ്പുവച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് അതിർത്തി കടന്നുള്ള ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ സാധിക്കുന്നുമുണ്ട്

യുഎഇ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇതിനകം യുപിഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്.യുഎസിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും യുപിഐ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചയിലാണ് എൻപിസിഐ.

Related News