കഴുത്തിൽ നിന്ന് വേർപെട്ട തല ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിച്ചു; 12കാരൻ പുതുജീവിതത്തിലേക്ക്

  • 14/07/2023

തല കഴുത്തില്‍ നിന്ന് വേര്‍പെട്ടുപോയാല്‍ എന്തുചെയ്യും! മരിച്ചെന്ന് ഉറപ്പിക്കാം അല്ലേ, എന്നാല്‍ ഇസ്രായേലിലെ 12 വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കേട്ടാല്‍ അത്ഭുതം എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. സൈക്കിളില്‍ പോകുന്നതിനിടെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സുലൈമാൻ ഹസൻ എന്ന ഇസ്രായേലി ബാലന്റെ തല കഴുത്തില്‍ നിന്ന് വേര്‍പെട്ട് പോവുകയായിരുന്നു. ആന്തരിക ശിരച്ഛേദമാണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലയോട്ടി നട്ടെല്ലിന്റെ മുകളിലെ കശേരുക്കളില്‍ നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു.


ബൈലാറ്ററല്‍ അറ്റ്ലാന്റോ ആൻസിപിറ്റല്‍ ജോയിന്റ് ഡിസ്‌ലോക്കേഷൻ എന്ന അവസ്ഥയാണിത്. അപകടത്തെത്തുടര്‍ന്ന് കുട്ടിയെ സാധാരണ രീതിയിലല്ല എയര്‍ ലിഫ്റ്റ് ചെയ്‌ത്‌ ഹെലികോപ്റ്ററിലാണ് ഹദസ്സ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

കഴുത്തിന്റെ അടിയില്‍ നിന്ന് തല ഏതാണ്ട് പൂര്‍ണ്ണമായും വേര്‍പ്പെട്ടിരുന്നുവെന്ന് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഓര്‍ത്തോപീഡിക് സര്‍ജൻ ഡോ. ഒഹാദ് ഐനവ് ഇസ്രായേല്‍ ടൈംസിനോട് പറഞ്ഞു. മണിക്കൂറുകളോളം നീണ്ട ശാസ്ത്രക്രിയക്കാൻ കുട്ടിയെ വിധേയമാക്കിയത്. കേടുപാടുകള്‍ സംഭവിച്ച സ്ഥലത്ത് പുതിയ പ്ലേറ്റുകളും ഫിക്സേഷനുകളും സ്ഥാപിച്ചു.

"ഓപ്പറേഷൻ റൂമിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യക്കും ഞങ്ങളുടെ അറിവിനുമാണ് നന്ദി പറയുന്നത്. കുട്ടിയുടെ ജീവനുവേണ്ടി ഡോക്ടര്‍മാരുടെ ടീം ഒരുമിച്ച്‌ പോരാടി. അതിജീവിക്കാൻ 50 ശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിലേക്ക് അവൻ തിരിച്ചുവന്നത് അത്ഭുതം തന്നെയാണ്"; ഡോ. ഒഹാദ് ഐനവ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഓപ്പറേഷൻ നടന്നത്. എന്നാല്‍, വിജയകരമെന്ന്‌ പൂര്‍ണമായി ഉറപ്പിക്കുന്നത് വരെ ഡോക്ടര്‍മാര്‍ വിവരം പുറത്തുവിട്ടിരുന്നില്ല. അടുത്തിടെയാണ് ഹസൻ ആശുപത്രി വിട്ടത്. കുട്ടി ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related News