ഏക സിവിൽ കോഡ്: സിപിഎം സെമിനാർ ഇന്ന്, സമസ്തയും ബിഡിജെഎസും പങ്കെടുക്കും

  • 14/07/2023

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്. കോഴിക്കോട് സ്വപ്നനഗരയിലെ ട്രേഡ് സെൻററിൽ വൈകീട്ട് 4 മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതും, സമസ്തയിലെ തർക്കങ്ങളും സെമിനാറിനെ ചർച്ചയാക്കി. ബിഡിജെഎസ് പ്രതിനിധിയും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. ഏക സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം വന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ ആദ്യ സെമിനാർ നടക്കുന്നത്. പൗരത്വ വിഷയത്തിനു സമാനമായ രീതിയിൽ പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ മത സാമുദായിക നേതാക്കളും ഇടതു മുന്നണിയിലെ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. 

എന്നാൽ, സെമിനാർ പ്രഖ്യാപിച്ചതു മുതൽ തുടങ്ങിയ തർക്കങ്ങളും വിവാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടുമില്ല. സിപിഎം ക്ഷണം ലീഗ് നിരസിച്ചെങ്കിലും സെമിനാറിൽ പങ്കെടുക്കാനുളള സമസ്തയുടെ തീരുമാനം സംഘാടകർക്ക് നേട്ടമായി. വ്യക്തിനിയമങ്ങളിൽ പരിഷ്‌കരണം വേണമെന്ന പാർട്ടി നിലപാടിനോട് സമസ്തയിലെ ഒരു വിഭാഗം കടുത്ത എതിർപ്പ് തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരാമർശം കൂടുതൽ ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്തു.

ഈ പരാമർശത്തിനു ശേഷം സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വാർത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഏക സിവിൽ കോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്നുളള എംവി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട് ശരിയല്ലെന്നും വ്യക്തി നിയമങ്ങളെ സംരക്ഷിക്കാനാണ് ഏക സിവിൽ കോഡിനെ നിരാകരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

സംഘപരിവാർ അജണ്ടയുടെ ഭാഗമായി ഏക സിവിൽ കോഡ് നടപ്പാക്കാനുളള നീക്കത്തിനെതിരായ യോജിച്ചുളള പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നതെന്നും, സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം പങ്കെടുക്കുന്നത് സെമിനാറിന് കിട്ടുന്ന പൊതു സ്വീകര്യതയ്ക്ക് തെളിവെന്ന് സംഘാടകരും വിശദീകരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ നിൽക്കെ കോഴിക്കോട്ടെ സെമിനാർ തുടർ സമരപരിപാടികളുടെ ആദ്യ പടിയായി മാറും. കോൺഗ്രസിൻറെ ദേശീയ തലത്തിലെ നിലപാടുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിലായ യുഡിഎഫ് സിപിഎമ്മിന് പിന്നാലെ സിവിൽ കോഡ് വിഷയത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ജൂലൈ 29 ന് തിരുവനന്തപുരത്ത് യുഡിഎഫ് ബഹുസ്വരത സംഗമം നടക്കും. പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ ജനസദസും സംഘടിപ്പിക്കുന്നുണ്ട്.

Related News