ഭൂമി പോക്കുവരവിന്റെ വിവരം മറുച്ചുവച്ച തഹസീൽദാർക്ക് 20,000 രൂപ പിഴ; നടപടിയുമായി വിവരാവകാശ കമ്മിഷൻ

  • 16/07/2023

ഭൂമി പോക്കുവരവിന്റെ വിവരം മറച്ചുവച്ച തഹസീൽദാർക്ക് 20,000 രൂപ പിഴയും വിജിലൻസ് അന്വേഷണവും. പന്തളം വില്ലേജിൽ ക്രമ വിരുദ്ധമായി പട്ടയവും ഭൂമിപതിവും നടത്തി എന്ന ആരോപണത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷനാണ് വിജിലൻസ് അന്വേഷിക്കാൻ ഉത്തരവായത്. വ്യാജ രേഖകളിലൂടെ അനർഹർക്ക് പട്ടയം നൽകി, മരണപ്പെട്ടയാളുടെ അനന്തരാവകാശിക്ക് വിൽപത്രത്തിന്റെ മറവിൽ അന്യവ്യക്തികളുടെ ഭൂമി പോക്കുവരവ്ചെയ്തു നല്കി തുടങ്ങിയ ആരോപണങ്ങളാണ് കമ്മിഷന് മുന്നിലെത്തിയത്. ഭൂമി കൈമാറ്റവിവരം യഥാർത്ഥ അവകാശികളിൽനിന്ന് മറച്ചുവച്ച എക്സിക്യൂട്ടീവ് മജിസ്ത്രേട്ട് കൂടിയായ അടൂർ തഹസീൽദാർ 20,000 രൂപ പിഴ അടയ്ക്കാനും വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം ഉത്തരവായി. 

അടൂർ തഹസീൽദാർ ജോൺസാം പന്തളം വില്ലേജിൽ വ്യക്തമായ രേഖകളുടെ പിൻബലമില്ലാതെ നടന്ന ഭൂമി കൈമാറ്റങ്ങളിൽ ജാഗ്രത പുലർത്തിയില്ലെന്നും പരാതിക്കാരിൽനിന്ന് വിവരം മറച്ചു വച്ചു എന്നും കമ്മിഷൻ തെളിവെടുപ്പിൽ കണ്ടെത്തി. പന്തളം വില്ലേജിൽ റീസർവേ 564/1ൽ പലരുടെ പേരിൽപെട്ട ഒരേക്കർ ഏഴ് സെന്റ് ഭൂമി 2008 ഫെബ്രുവരി 12 ന് പട്ടയമായി നൽകിയോ, തൊട്ടടുത്ത ദിവസം 565/1 ൽ നിന്ന് 10 സെന്റ് ഭൂമി പതിച്ചു നല്കിയോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ഉടമകളായ കായംകുളം ഗോവിന്ദമുട്ടം രാജേന്ദ്രനും മറ്റുള്ളവർക്കും വ്യക്തമായ മറുപടി റവന്യൂ വകുപ്പിന്റെ ഓഫീസുകളിൽ നിന്ന് ലഭിച്ചില്ല.

അതിനിടെ മരണപ്പെട്ട പട്ടയമുടമയുടെ വിൽപത്രത്തിൽ പരാമർശമുണ്ടെന്ന കാരണം കണ്ടെത്തി ഇത്രയും ഭൂമി അദ്ദേഹത്തിന്റെ മകന്റെ പേരിൽ പോക്കുവരവ് നടത്തി കൊടുക്കുകയും ചെയ്തു. ഈ സർവേകളിൽ പുതിയ ഉടമയ്ക്ക് സ്ഥലമില്ലെന്ന് 2009 ൽ അടൂർ മുൻസിഫ് കോടതിയും 2014 ൽ പത്തനംതിട്ട ജില്ലാ കോടതിയും വിധിച്ച രേഖകൾ രാജേന്ദ്രൻ ഹാജരാക്കിയിട്ടും തിരുത്തൽ നടപടിയുണ്ടായില്ല. രാജേന്ദ്രന്റെവക 33 സെന്റ് ഭൂമി കൂടി 2017 ൽ കയ്യേറി മതിൽകെട്ടി കുളങ്ങൾ കുഴിച്ച് മണൽ കടത്തിയെന്നും ഇതിന്റെയെല്ലാം രേഖ ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്നും ആരോപിച്ചുള്ള ഹരജിയിലാണ് കമ്മിഷണർ എ.എ. ഹക്കിം തെളിവെടുപ്പും വിസ്താരവും നടത്തിയത്. രേഖകൾ നൽകാതിരുന്നതിനും വിവരം മറച്ചു വച്ചതിനുമാണ് തഹസീൽദാർക്ക് 20,000 രൂപ പിഴയിട്ടത്. വ്യാജ പട്ടയം, അനധികൃത പോക്കുവരവ്, ഭൂമി കയ്യേറ്റം, അതിൽ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണത്തിന് കമ്മിഷൻ ഉത്തരവായത്.

Related News