ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന അംഗീകാരം നേടി ഈ രാജ്യം

  • 19/07/2023



ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന അംഗീകാരം നേടി സിംഗപ്പൂര്‍. ദീര്‍ഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്നിലാക്കിയാണ് സിംഗപ്പൂരിന്‍റെ നേട്ടം. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് 192 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് വച്ച് സാധിക്കും. ചൊവ്വാഴ്തയാണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുതിയ പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാന്‍ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ദക്ഷിണ കൊറിയ, സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ജപ്പാന്‍ മൂന്നാം സ്ഥാനം പങ്കിടുന്നത്. 189 രാജ്യങ്ങളിലേക്കാണ് ജപ്പാന്‍ പാസ്പോര്‍ട്ടുമായി വിസ ഇല്ലാതെ യാത്ര സാധ്യമാവുക. പട്ടികയില്‍ ഇന്ത്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്. അഞ്ച് സ്ഥാനം മുന്നോട്ട് വന്ന ഇന്ത്യ പട്ടികയില്‍ 80ാ-മതാണുള്ളത്. ടോഗോ, സെനഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ 80-ാം സ്ഥാനം പങ്കിടുന്നത്. 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സാധിക്കുക.

പത്ത് വര്‍ഷത്തോളം പട്ടികയില്‍ ഒന്നാം സ്ഥാനത്തുണടായിരുന്ന അമേരിക്ക ഇക്കുറി പട്ടികയില്‍ പിന്നെയും താഴേയ്ക്ക് പോയി. എട്ടാം സ്ഥാനത്താണ് നിലവില്‍ അമേരിക്കയുള്ളത്. യുകെ നാലാം സ്ഥാനത്താണുള്ളത്. പട്ടികയില്‍ ഏറ്റവുമൊടുവിലെ സ്ഥാനം നേടിയത് അഫ്ഗാനിസ്ഥാനാണ്. 27 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ യാത്ര സാധ്യമാകൂ. 99ാം സ്ഥാനം യെമനും, നൂറാം സ്ഥാനം പാകിസ്താനും, സിറിയ 101ാം സ്ഥാനത്തും ഇറാഖ് 10ാം സ്ഥാനത്തുമാണുള്ളത്. 

Related News