ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിലേയ്ക്ക് ഇലോണ്‍ മസ്ക്: കാരണം എന്ത്?

  • 25/07/2023




ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് കഴിഞ്ഞ ദിവസമാണ്  ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയാണ് ട്വിറ്ററില്‍ ഇപ്പോള്‍. അക്ഷരാര്‍ത്ഥത്തില്‍ ട്വിറ്ററിന്‍റെ 'കിളി' പോയി, ട്വിറ്റർ ഇനി 'എക്സ്' എന്നാണ് അറിയപ്പെടുക.  ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ബ്രാൻഡാണ് ഇതോടെ ഇല്ലാതാകുന്നത്. എന്തായാലും നിരന്തരം മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്ന സംരംഭകന്‍ എന്ന നിലയില്‍ ട്വിറ്റര്‍ വാങ്ങിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഈ മാറ്റം വെറുതെ വരുത്തിയത് അല്ല. 

ചൈനയിലെ 'വീചാറ്റ്' പോലെ ഒരു എവരിതിംഗ് ആപ്പായി ട്വിറ്ററിനെ മാറ്റണം എന്ന മസ്കിന്‍റെ ആഗ്രഹത്തിന്‍റെ തുടക്കമാണ് എക്സിലേക്കുള്ള മാറ്റം. 'എക്സ്' എന്നത് ഒരു ഓള്‍ ഇന്‍ വണ്‍ ആപ്പ് ആകണം എന്നാണ് മസ്കിന്‍റെ ആഗ്രഹം. അതായത് പണമിടപാട് മുതല്‍ ക്യാബ് ബുക്ക് ചെയ്യുന്നതുവരെ ഇതിനുള്ളില്‍ തന്നെ നടക്കണം. ഒരു സോഷ്യല്‍ മീഡിയ ആപ്പ് എന്ന നിലയില്‍ ഇത്തരം ഒരു വലിയ മാറ്റം എന്നതിന്‍റെ തുടക്കമാണ് ട്വിറ്ററിന്‍റെ പേര് മാറ്റി എക്സ് എന്നാക്കിയത് എന്നാണ് മസ്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 44 ബില്ല്യണ്‍ യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ മസ്ക് ട്വിറ്ററില്‍ വരുത്തിയ പരമ്പരയായ മാറ്റങ്ങളുടെ ഏറ്റവും അവസാനത്തെ കളിയാണ് കിളിയുടെ പോക്കും, എക്സിന്‍റെ വരവും. 

മുന്‍പ് ട്വിറ്റര്‍ വാങ്ങും മുന്‍പ് തന്നെ മസ്ക് 'എക്സ്'  എന്ന ആശയം ഒരു ട്വീറ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. "എല്ലാ കാര്യത്തിനും ഒരു ആപ്പ്, അതാണ്  'എക്സ്' അത് ഉണ്ടാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതാണ് ട്വിറ്ററിന്‍റെ വാങ്ങല്‍" - എന്നാണ് മസ്ക് അന്ന് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തുടരുന്ന കേസ് നടപടിക്കിടയില്‍ മസ്കിന്‍റെ ലീഗല്‍ ടീം ട്വിറ്ററിന്‍റെ പേര് എക്സ് എന്ന് മാറ്റുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ പ്രഖ്യാപനം ചിലപ്പോള്‍ അപ്രതീക്ഷിതമാണെങ്കിലും. ട്വിറ്ററിന്‍റെ പുതിയ രൂപം മസ്കിന്‍റെ മനസില്‍ വര്‍ഷങ്ങളായുള്ള പദ്ധതിയാണെന്ന് വ്യക്തമാണ്. 

Related News