അമ്മയ്ക്കും മകൾക്കും നേരെ വിമാനയാത്രികന്റെ ലൈംഗികാതിക്രമം; വിമാനക്കമ്പനിക്കെതിരെ പരാതി

  • 30/07/2023

അമ്മയ്ക്കും മകൾക്കും നേരെ വിമാനയാത്രികൻ ലൈംഗികാതിക്രമം നടത്തിയതിൽ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെൽറ്റ എയർലൈൻസിനെതിരെയാണ് 16 വയസുകാരിയായ മകളും അമ്മയും 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിനൽകിയത്. യാത്രക്കാരന്റെ പ്രവൃത്തി ശ്രദ്ധയില്‌പെടുത്തിയിട്ടും നടപടിയെടുക്കാൻ വിമാന ജീവനക്കാർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

2022 ജൂലായ് 26ന് ന്യൂയോർക്കിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. അമ്മയ്ക്കും മകൾക്കും അരികിലുള്ള സീറ്റിലാണ് ഇയാൾ ഇരുന്നത്. മദ്യപിച്ച് 16 വയസുകാരിയോട് ഇയാൾ സംസാരിച്ചെങ്കിലും കുട്ടി ഇത് അവഗണിച്ചു. ഇതോടെ ആക്രമണോത്സുകനായ ഇയാൾ കുട്ടിയോട് കയർത്തുസംസാരിക്കാനും അശ്ലീല ആംഗ്യങ്ങൾ കാണിക്കാനും തുടങ്ങി. കുട്ടിയുടെ പിൻഭാഗത്ത് ഇയാൾ കൈവച്ചു. കുട്ടിയുടെ അമ്മ ഇടപെട്ട് കുട്ടി പ്രായപൂർത്തിയാവാത്ത ആളാണെന്ന് പറഞ്ഞെങ്കിലും ഇയാൾ പിന്മാറിയില്ല. അമ്മയുടെ കൈ ഇയാൾ പിടിച്ചുവലിച്ചു. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോൾ അവരോടും ഇയാൾ കയർത്തു. കുട്ടിയുടെ ഉടുപ്പിനകത്തുകൂടി കയ്യിട്ട് ബ്രാ സ്ട്രാപ്പ് പിടിച്ചുവലിച്ചു. 

അമ്മയുടെ തുടയിലൂടെ ഇയാൾ വിരലോടിച്ചു. ഉടൻ അമ്മ ചാടിയെഴുന്നേറ്റ് വേറെ സീറ്റ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ കൈമലർത്തി. പിന്നാലെ ഒരു യാത്രക്കാരൻ സീറ്റ് മാറാൻ സന്നദ്ധത അറിയിച്ചു. ശേഷം കുട്ടി ഇയാളുടെ സീറ്റിലേക്ക് മാറുകയായിരുന്നു. പലതവണ പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടും വിമാനജീവനക്കാർ ഇടപെട്ടില്ല. അവർ കുറ്റാരോപിതന് വീണ്ടും മദ്യം നൽകിയെന്ന് പരാതിയിൽ പറയുന്നു. കുറ്റാരോപിതൻ ആക്രമണോത്സുകനായി പെരുമാറി. അനുവാദമില്ലാതെ ദേഹത്ത് സ്പർശിച്ചു. ഇത്രയൊക്കെയുണ്ടായിട്ടും പൊലീസിനെ അറിയിക്കാൻ തയ്യാറാവാതെ, ജീവനക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഇയാളെ സഹായിച്ചു എന്നും പരാതിയിൽ പറയുന്നു. വിമാനം ഏതൻസിലെത്തിയപ്പോൾ ഇവർക്ക് ജീവനക്കാർ 5000 ഫ്രീ എയർലൈൻ മൈൽസ് നൽകി മാപ്പ് ചോദിച്ചിരുന്നു.

Related News