ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം

  • 31/07/2023

അമേരിക്കയിലെ അരിസോണയില്‍ തന്റെ ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാര്‍ട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 -കാരിയായ അമ്മ എലിസബത്ത് ആര്‍ക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. 'നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കള്‍ അര്‍ഹയാണെന്ന് പറഞ്ഞ കോടതി, പാരോള്‍ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും വിധിക്കുകയായിരുന്നു. കൊക്കോനിനോ സുപ്പീരിയര്‍ കോടതി ജഡ്ജി ടെഡ് റീഡ് എലിസബത്ത് ആണ് ശിക്ഷ വിധിച്ചത്.


കൊലപാതകം ബാലപീഡനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതരെ ചുമത്തിയിരിക്കുന്നത്. ആറ് വയസുള്ള മാര്‍ട്ടിനസ് മരിക്കുമ്ബോള്‍ എട്ട് കിലോ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു എന്ന് ദി ന്യു യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭയാനകമായ അനുഭവമായിരുന്നു ഇതെന്നാണ് സംഭവത്തെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥ തന്നെ പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്രയും ഭയാനകമായ സംഭവം താൻ കണ്ടിട്ടില്ല. ദേശഔൻ മാര്‍ട്ടിനസിൻറ്റെ കുടുംബത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ അവനെ കണ്ടെത്തിയപ്പോള്‍ വെറും എല്ലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്- എന്നായിരുന്നു ഫ്ലാഗ്സ്റ്റാഫ് പോലീസ് ഡിറ്റക്ടീവ് മെലിസ സീയുടെ വാക്കുകള്‍.

ദേശഔൻറ്റെ അച്ഛൻ ആൻറ്റണി മാര്‍ട്ടിനസും മുത്തശ്ശി ആൻ മാര്‍ട്ടിനസും കേസില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കുറ്റക്കാരെന്ന് തെളിയിക്കാൻ സാധിച്ചില്ല. മാര്‍ട്ടിനസും ഏഴ് വയസുള്ള അവന്റെ സഹോദരനും ഒരു ദിവസത്തില്‍ 16 മണിക്കുറോളമാണ് 25 ഇഞ്ച് മാത്രമുള്ള ക്ലോസറ്റില്‍ കഴിയേണ്ടി വന്നിരുന്നതെന്ന് മെലിസ കോടതിയില്‍ പറഞ്ഞു. ദമ്ബതികള്‍ക്ക് നാല് കുട്ടികള്‍ ഉണ്ട്. ഇവരില്‍ രണ്ട് പെണ്‍കുട്ടികള്‍ ആരോഗ്യവതികളാണ്. പോലീസിൻറ്റെ ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ ദേശഔൻ മരിച്ചത് കടുത്ത പട്ടിണി മൂലമാണെന്നും മരണം നരഹത്യയാണെന്നും സുചിപ്പിക്കുന്നുണ്ട്.

വിധിക്ക് ശേഷം മകന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് എലിസബത്ത് കുറ്റസമ്മതം നടത്തി. തനിക്ക് ലഭിച്ച ശിക്ഷ അംഗീകരിക്കുന്നതായും അവര്‍ പറഞ്ഞു. 'തന്റെ മകനെ കുറിച്ചോര്‍ത്ത് വിലപിക്കാത്ത ദിവസങ്ങളില്ല. എന്നോട് ക്ഷമിക്കു'- എന്നായിരുന്നു അവരുടെ പ്രതികരണം. മാര്‍ട്ടിനസിന്റെ മുത്തശ്ശിയാണ് ചെറുമകന്റെ ശരീരം ആദ്യമായി കണ്ടത്. അനക്കമില്ലാതെ കിടന്ന കുട്ടിയെ കണ്ട അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related News