ഹൂസ്റ്റനിൽ കാർ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം; 14 വാഹനങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി

  • 04/08/2023

ഹൂസ്റ്റണ്‍: യു.എസ് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഗുജറാത്തിലെ പാട്ടൻ സ്വദേശിയായ ദര്‍ശീല്‍ താക്കര്‍(24) ആണ് മരിച്ചത്. ഹൂസ്റ്റണില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാറിടിച്ചായിരുന്നു അപകടം. പിന്നാലെ വന്ന 14 വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായും ദേശീയ മാധ്യമമായ 'ദ ഫ്രീ പ്രസ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.


ജൂലൈ 29നു രാവിലെ 11.30ഓടെ ഹൂസ്റ്റണിലെ ഗലേറിയയ്ക്കടുത്താണ് അപകടമുണ്ടായത്. ട്രാഫിക്ക് വഴി ദര്‍ശീല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ഗ്രീൻ സിഗ്നല്‍ കത്തുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. പിന്നാലെ കുതിച്ചെത്തിയ കാര്‍ യാവിനെ ഇടിച്ചിട്ടു. റോഡില്‍ തന്നെ തെറിച്ചുവീണ 24കാരന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന വാഹനങ്ങളോരോന്നും കയറിയിറങ്ങുകയായിരുന്നുവെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി.

വൻ അപകടത്തില്‍ ശരീരമാകെ വികൃതമായിട്ടുണ്ട്. മുഖം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലുമാണ്. സംഭവസ്ഥലത്തുണ്ടായിരുന്നുവര്‍ വിവരമറിയിച്ചതിനു പിന്നാലെ ഹൂസ്റ്റണ്‍ പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റര്‍ ദൂരത്ത് ചോരയുടെ പാടും കേടുപാടുകളുമുള്ള ഒരു കാര്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെ ഇടിച്ചിട്ടിട്ടും പിന്നാലെ വന്ന വാഹനങ്ങളെല്ലാം നിര്‍ത്താതെ പോയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണില്‍ ടൂറിസ്റ്റ് വിസയില്‍ യു.എസിലെത്തിയതാണ് ദര്‍ശീല്‍. നാലു മാസത്തെ വിസാകാലാവധി അവസാനിച്ച്‌ സെപ്റ്റംബര്‍ 26നു നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണസംഭവം. യുവാവിന്റെ മരണവിവരം അറിഞ്ഞ് ബന്ധുക്കള്‍ യു.എസിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related News