കുവൈത്ത് സിറ്റി: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനായി കുവൈറ്റിൽ അടിയന്തര നിയമനിർമാണം വേണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ കുട്ടികളിൽ ഡിജിറ്റൽ അടിമത്തം, സൈബർ ബുള്ളിയിംഗ്, മാനസിക സമ്മർദ്ദം, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, ഓൺലൈൻ ചൂഷണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.യുഎഇ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്തിയതിനെ മാതൃകയാക്കി കുവൈറ്റും സമാന നടപടികൾ സ്വീകരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കാൻ കുടുംബങ്ങൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ കമ്പനികൾ എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും, പ്രായപരിശോധന സംവിധാനങ്ങൾ നിർബന്ധമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു.ഡിജിറ്റൽ ലോകത്തിലെ വർധിച്ചുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് കുട്ടികളുടെ സംരക്ഷണം ഇനി ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ദേശീയവും സാമൂഹികവുമായ അനിവാര്യതയാണെന്നും അവർ ചൂണ്ടിക്കാട്ടി.

