കുവൈത്ത് സിറ്റി: വഴിനടന്നുപോയ യുവതിയെ ലൈംഗികമായി അപമാനിക്കുകയും വാഹനം പിന്തുടർന്ന് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അപകടകരമായി ഡ്രൈവ് ചെയ്യുകയും ചെയ്ത കേസിൽ പ്രതിയായ വിവാഹിതന് അനുകൂലമായി കോടതി ഉത്തരവ്.
പ്രതിക്ക് ശിക്ഷ നൽകുന്നതിൽ നിന്ന് വിട്ടുനിന്ന അപ്പീൽ കോടതിയുടെ വിധി കുവൈത്ത് പരമോന്നത കോടതിയായ കോർട്ട് ഓഫ് അസെസ്സേഷൻ ശരിവെച്ചു കേസിന്റെ വിശദാംശങ്ങൾ പ്രകാരം, യുവതി മകനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടയിലാണ് പ്രതി ഇവരെ സമീപിച്ച് മോശമായി സംസാരിക്കുകയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ച് അപമാനിക്കുകയും ചെയ്തത്. ഭയന്നുപോയ യുവതി സ്വന്തം വാഹനത്തിൽ അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി തന്റെ കാറിൽ ഇവരെ പിന്തുടർന്നു. വഴിമധ്യേ വാഹനം തടഞ്ഞുനിർത്തി യുവതിയുടെ ഫോൺ നമ്പർ വാങ്ങാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി റോഡിലെ വൺവേ നിയമങ്ങൾ ലംഘിച്ചും, ഫുട്പാത്തിലൂടെ വണ്ടി കയറ്റിയും അതീവ അപകടകരമായ രീതിയിലാണ് പ്രതി വാഹനം ഓടിച്ചത്. ഇത് വലിയ ഗതാഗതക്കുരുക്കിനും മറ്റ് വാഹനങ്ങൾ തകർന്ന ചെറിയൊരു അപകടത്തിനും കാരണമായിരുന്നു.
പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ അപമാനിക്കൽ, അനാശാസ്യ പ്രവർത്തനം എന്നിവയ്ക്ക് പുറമെ അശ്രദ്ധമായി വാഹനമോടിക്കൽ, മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തൽ, ഗതാഗതം തടസ്സപ്പെടുത്തൽ, നമ്പർ പ്ലേറ്റില്ലാതെ വണ്ടിയോടിക്കൽ, വൺവേ ലംഘനം തുടങ്ങിയ നിരവധി ട്രാഫിക് കുറ്റങ്ങളും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരുന്നു.
കേസ് ആദ്യം പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് അഞ്ച് വർഷത്തെ കഠിനതടവും ട്രാഫിക് ലംഘനങ്ങൾക്ക് പിഴയും ചുമത്തിയിരുന്നു. ഒപ്പം ജയിൽ ശിക്ഷയ്ക്ക് ശേഷം ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ ഈ കഠിനശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള അപ്പീൽ കോടതിയുടെ ഉത്തരവാണ് ഇപ്പോൾ പരമോന്നത കോടതിയും ശരിവെച്ചിരിക്കുന്നത്.

