തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയ്. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് കെ സി വേണുഗോപാലിന് വിജയ് കത്ത് നല്‍കി. ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കും. വിജയ്ക്ക് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് നേരത്തേ തമിഴ്‌നാട് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ നീക്കത്തില്‍ ഡിഎംകെയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.
തെരഞ്ഞെടുപ്പില്‍ ടിവികെ വന്‍ തേരോട്ടമായിരുന്നു നടത്തിയത്. രൂപീകരിച്ച് രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ആദ്യം നേരിട്ട തെരഞ്ഞെടുപ്പില്‍ തന്നെ വിജയം സ്വന്തമാക്കി. 107 വോട്ടുകള്‍ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയ് വിജയം സ്വന്തമാക്കി. പെരമ്പൂരില്‍ വിജയ് നേടിയത് 1,20365 വോട്ടുകളാണ്. ഡിഎംകെയുടെ ആര്‍ ഡി ശേഖറിന് നേടാനായത് 66,650 വോട്ടുകള്‍ മാത്രമാണ്. ഇവിടെ 53,715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ്‌യുടെ വിജയം. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയ് നേടിയത് 91,381 വോട്ടുകളാണ്. ഇവിടെ വിജയ്‌യുടെ പ്രധാന എതിരാളിയായിരുന്ന ഡിഎംകെയുടെ എസ് ഇനിഗോ ഇരുഡയരാജിന് 63,965 വോട്ടുകളാണ് ലഭിച്ചത്. വിജയ്‌യുടെ ഭൂരിപക്ഷം 27,416.
