കുവൈത്ത്സിറ്റി: കുവൈത്ത് ഉൾപ്പെടെയുള്ള മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഞായറാഴ്ച മുതൽ താപനിലയിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി.
കുവൈത്തിന് പുറമെ സൗദി അറേബ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ, ദക്ഷിണ ഇറാഖ്, കിഴക്കൻ അറേബ്യൻ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ചൂട് കഠിനമാകുക. ചില പ്രദേശങ്ങളിൽ പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാവുമുള്ള ‘ഉത്തരായനാന്തം’ ഞായറാഴ്ചയാണെന്ന് ഈസ റമദാൻ വിശദീകരിച്ചു. ഈ സമയത്ത് സൂര്യരശ്മികൾ അറേബ്യൻ ഗൾഫ് മേഖലയ്ക്ക് ഏതാണ്ട് ലംബമായാണ് പതിക്കുന്നത്.
കുവൈത്തിൽ സൂര്യരശ്മികളുടെ പതനകോൺ ഏകദേശം 84 ഡിഗ്രിയോളമായിരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം. വാരത്തിന്റെ ബാക്കി ദിവസങ്ങളിൽ കാറ്റിന്റെ വേഗത ക്രമേണ കുറയുമെങ്കിലും, പകൽ സമയത്ത് സൗരവികിരണത്തിന്റെ തീവ്രത വർദ്ധിക്കുന്നതും രാത്രിയിൽ ലോങ്-വേവ് ലെങ്ത് രശ്മികളുടെ പ്രഭാവവും കാരണം ചൂട് കൂടുതലായി അനുഭവപ്പെടും.

