കുവൈത്ത്സിറ്റി: കേരളത്തെ ഒരു റെമിറ്റൻസ് ഇക്കോണമി’യിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്’ പദ്ധതിയെ ഇൻകാസ് കുവൈത്ത് ഹാർദ്ദവമായി സ്വാഗതം ചെയ്തു. വെറും പണമയക്കുന്നവർ എന്ന നിലയിൽ നിന്ന് പ്രവാസികളെ സംസ്ഥാനത്തിന്റെ വികസന പങ്കാളികളായ നിക്ഷേപകരാക്കി മാറ്റാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് ഇൻകാസ് കുവൈത്ത് നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, ട്രഷറർ അലക്സ് മാത്യു പുത്തൂർഎന്നിവരും മറ്റ് ഇൻകാസ് കുവൈത്ത് നേതാക്കളും ചേർന്നാണ് പുതിയ ബഡ്ജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
സംസ്ഥാന ബഡ്ജറ്റിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച ഈ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് നേതാക്കൾ പറഞ്ഞു. പതിറ്റാണ്ടുകളായി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്റെ ഉപഭോഗശേഷിയും ജീവിതനിലവാരവും ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഭാവി കേരളത്തിന്റെ വികസനത്തിന് വെറും പണമയക്കൽ മാത്രം പോരാ എന്ന തിരിച്ചറിവിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഗവൺമെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിക്കുന്ന പദ്ധതിയായതുകൊണ്ടുതന്നെ മറ്റ് സംവിധാനങ്ങളേക്കാൾ പ്രവാസികൾക്ക് ഇതിൽ വിശ്വസ്തതയോടെ നിക്ഷേപം നടത്താം. സാധാരണയായി നാട്ടിലേക്ക് പണമയക്കുകയും അത് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ബാങ്കുകളിൽ നിക്ഷേപിക്കുകയോ ചെയ്യുന്ന രീതിയിൽ നിന്ന് മാറി, നിക്ഷേപകർക്ക് കൃത്യമായ ആദായം ഉറപ്പുനൽകുന്ന രീതിയിലാണ് ഫണ്ട് വിനിയോഗിക്കുക.സ്റ്റാർട്ടപ്പുകൾ, ടൂറിസം, കാർഷിക മൂല്യവർദ്ധിത സംരംഭങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിന്റെ വികസനത്തിന് നട്ടെല്ലാകുന്ന വിവിധ മേഖലകളിൽ കൂട്ടായ നിക്ഷേപം നടത്താൻ ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് അവസരമൊരുങ്ങും.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസ ലോകത്തിന് വലിയൊരു അംഗീകാരവും സുരക്ഷിതത്വവും നൽകുന്ന ഈ പ്രഖ്യാപനം സ്വാഗതാർഹമാണെന്നും, പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമായ ഈ സുപ്രധാന പദ്ധതിക്ക് ഇൻകാസ് കുവൈത്തിന്റെ പൂർണ്ണ പിന്തുണ രേഖപ്പെടുത്തുന്നതായുംസംഘടനയുടെ ഭാരവാഹികൾ കൂട്ടിചേർത്തു.



