കുവൈത്ത് സിറ്റി: കുവൈത്തിലെ റൗദത്തൈൻ എണ്ണപ്പാടത്തുനിന്ന് ഡീസൽ മോഷ്ടിച്ച് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന ഏഴംഗ പ്രവാസി സംഘത്തെ സുരക്ഷാ വിഭാഗം പിടികൂടി. രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനയുടെ ഭാഗമായാണ് ഈ അറസ്റ്റ്.
റൗദത്തൈൻ എണ്ണപ്പാടത്തുനിന്ന് നിയമവിരുദ്ധമായി ഡീസൽ കൈക്കലാക്കി അബ്ദാലി, സാൽമിയ എന്നിവിടങ്ങളിലെ കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതി.ഡീസൽ കടത്താൻ ഉപയോഗിച്ചിരുന്ന ടാങ്കറുകളും ഇവർ കരിഞ്ചന്തയിൽ നിന്ന് സമ്പാദിച്ച വൻതുകയും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഈ തുക ഡീസൽ വിറ്റതിലൂടെ ലഭിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിടപിടിയിലായ ഏഴ് പേരെയും പിടിച്ചെടുത്ത വാഹനങ്ങളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഈ സംഘത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ സബ്‌സിഡി നൽകുന്ന ഇന്ധനങ്ങളും മറ്റ് സാമഗ്രികളും നിയമവിരുദ്ധമായി വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


