കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊടുംതണുപ്പിന്റെ കാലം അവസാനിക്കുന്നുവെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. മാർച്ച് 8 ഞായറാഴ്ച മുതൽ ശൈത്യകാലത്തോട് വിടപറഞ്ഞ് കാലാവസ്ഥ മിതമായ രീതിയിലേക്ക് മാറാൻ തുടങ്ങും. ഏപ്രിൽ 2 വരെ നീണ്ടുനിൽക്കുന്ന ‘അൽ-ഹമീം’ സീസണിന്റെ തുടക്കമാണിതെന്ന് സെന്റർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തണുപ്പും ചൂടും മാറിമാറി വരുന്ന അസ്ഥിരമായ കാലാവസ്ഥയാണിതിന്റെ പ്രത്യേകത.
വസന്തകാലത്തിന്റെയും ശൈത്യകാലത്തിന്റെയും ഒരു മിശ്രിതമായ ഈ സമയത്ത് പൊടിക്കാറ്റിനും ഇടയ്ക്കിടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്.താപനില ക്രമാനുഗതമായി ഉയരാൻ തുടങ്ങും. ഇതോടൊപ്പം ഇടിമിന്നലോടു കൂടിയ മഴയും കാർമേഘ രൂപീകരണവും ഈ സീസണിൽ പതിവാണ്.അൽ-ഹമീം സീസണിനെ രണ്ടായി തിരിച്ചിരിക്കുന്നു. ഇതിന്റെ മധ്യഭാഗമായ മാർച്ച് 16-ന് പകലപ്പിനും രാവിനും തുല്യദൈർഘ്യമായിരിക്കും.
തുടർന്ന് മാർച്ച് 20-ന് വസന്തകാല വിഷുവം സംഭവിക്കുന്നു. സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിൽ വരുന്നതോടെയാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇതിനെത്തുടർന്ന് സൂര്യൻ വടക്കോട്ട് നീങ്ങാൻ തുടങ്ങും. അക്ഷാംശരേഖകളെയും സൂര്യന്റെ ചരിവിനെയും ആശ്രയിച്ച് പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും സെന്റർ വിശദീകരിച്ചു. രണ്ടാമത്തെ ഹമീം സീസണോടു കൂടി വേനൽക്കാലത്തിന്റെ പ്രവേശനമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.


