കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കടബാധ്യതയുള്ള കക്ഷികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ചില സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് നീതിന്യായ മന്ത്രാലയം അറിയിച്ചു. ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹേൽ’, മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് പോർട്ടൽ എന്നിവ വഴിയുള്ള സേവനങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കടബാധ്യതയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ, നിലവിലുള്ള അറസ്റ്റ് വാറണ്ടുകൾ നടപ്പിലാക്കൽ എന്നീ സേവനങ്ങളാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ലഭ്യമാകാത്തത്. മറ്റ് ഇലക്ട്രോണിക് സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഈ നടപടി പൂർണ്ണമായും താൽക്കാലികമാണെന്നും രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതോടെ സേവനങ്ങൾ പുനരാരംഭിക്കുമെന്നും നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് പറഞ്ഞു. നിലവിൽ 371 എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വാറണ്ടുകൾ പിൻവലിച്ചിട്ടുണ്ട്. ഇതിൽ ജയിലിൽ കഴിഞ്ഞിരുന്ന 53 പേരും ഉൾപ്പെടുന്നു. കുടിശ്ശികയുമായി ബന്ധപ്പെട്ട ഈ കേസുകളിൽ ആകെ 231,526 കുവൈറ്റ് ദിനാർ അടച്ചുതീർത്തിട്ടുണ്ട്. ശിക്ഷാ നടപ്പാക്കൽ വിഭാഗത്തിന്റെ പ്രത്യേക ഫണ്ടിൽ നിന്നുള്ള 114,779 ദിനാർ ഉപയോഗിച്ചാണ് ഒരു വിഭാഗം കടബാധ്യതകൾ തീർത്തതെന്നും മന്ത്രി വിശദീകരിച്ചു.
ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ സെന്റൻസസ് എൻഫോഴ്സ്‌മെന്റ് മേധാവി കൗൺസിലർ അബ്ദുള്ള അൽ ഖാസിമിയുമായി ഏകോപിപ്പിച്ചാണ് ഈ നടപടികളെല്ലാം സ്വീകരിച്ചതെന്ന് കൗൺസിലർ അൽ സുമൈത് ഉറപ്പുനൽകി. മാനുഷിക പരിഗണനകളും നിലവിലെ അടിയന്തര സാഹചര്യവും മുൻനിർത്തിയാണ് നീതിന്യായ വകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ. കുടിശ്ശിക അടച്ചുതീർക്കുന്നതിനും തടവുകാരുടെ മോചനത്തിനും ആവശ്യമായ നടപടികൾ മന്ത്രാലയം വേഗത്തിൽ പൂർത്തിയാക്കി വരികയാണ്.

