കുവൈത്ത്സിറ്റി: ഇറാന്റെ ആക്രമണത്തിനിടെ ഇന്ധന ടാങ്കിനുള്ളിൽ വീണ ഡ്രോണിന്റെ ഭാഗങ്ങൾ കുവൈത്ത് നാഷണൽ ഗാർഡ് അതീവ സാഹസികമായി നീക്കം ചെയ്തു. എൻജിനീയറിങ് ബറ്റാലിയനിലെ എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ യൂണിറ്റാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നാഷണൽ ഗാർഡ് പുറത്തുവിട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമിട്ട് മാർച്ച് 8-ന് നടന്ന ആക്രമണത്തിലാണ് ഡ്രോണിന്റെ ഭാഗങ്ങൾ ടാങ്കിനുള്ളിൽ വീണത്.
പൊട്ടിത്തെറിക്കാത്ത നിലയിലായിരുന്ന സ്ഫോടകശേഖരം ടാങ്കിനുള്ളിലെ പെട്രോളിയം ഉൽപ്പന്നങ്ങളുമായും രാസവാതകങ്ങളുമായും സമ്പർക്കത്തിൽ വന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏഴ് ദിവസത്തോളം നീണ്ടുനിന്ന കഠിനമായ പരിശ്രമത്തിനൊടുവിലാണ് ടാങ്ക് പൂർണ്ണമായും ശൂന്യമാക്കി സ്ഫോടകവസ്തുക്കൾ സുരക്ഷിതമായി പുറത്തെടുത്ത് നശിപ്പിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏത് ത്യാഗത്തിനും തങ്ങൾ സന്നദ്ധരാണെന്ന് ദൗത്യത്തിന് ശേഷം നാഷണൽ ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.
ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടത്തേക്കാൾ ഉപരിയായി കൂട്ടായ പ്രവർത്തനത്തിന്റെയും ടീം സ്പിരിറ്റിന്റെയും ഫലമായാണ് ഈ വിജയം സാധ്യമായതെന്ന് അവർ കൂട്ടിചേർത്തു. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ ആക്രമണങ്ങളിൽ ഇതുവരെ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും കുവൈത്തിനെ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും നാഷണൽ ഗാർഡും വ്യോമസേനയും അവയിൽ ഭൂരിഭാഗവും വിജയകരമായി പ്രതിരോധിക്കുന്നുണ്ട്.

