കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ 14 ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 8 ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു.തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ചില വസ്തു നാശനഷ്ടങ്ങൾ ഉണ്ടായതായും, കൂടാതെ സായുധസേനയിലെ 3 അംഗങ്ങൾക്ക് ചെറിയ പരിക്കുകൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവർ ആവശ്യമായ ചികിത്സ ലഭിച്ച ശേഷം ആരോഗ്യനില സ്ഥിരമാണെന്നും അറിയിച്ചു.
അതേസമയം, 3 ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടു, ഇതോടെ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. 3 ഡ്രോണുകൾ ഭീഷണി പരിധിക്ക് പുറത്തേക്ക് വീണതിനാൽ അപകടം ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ സജ്ജതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

