കുവൈത്ത് സിറ്റി: പ്രതിരോധ നടപടികളിനിടെ വീണ മിസൈൽ- ഡ്രോൺ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 12 പുതിയ റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഇത്തരം റിപ്പോർട്ടുകളുടെ ആകെ എണ്ണം 392 ആയി.സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ സെന്ററിൽ നടന്ന മാധ്യമ ബ്രീഫിംഗിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ബന്ധങ്ങളും മീഡിയ വിഭാഗവും ഡയറക്ടർ ജനറലും വക്താവുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസലൈബ് ആണ് ഇത് വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷാ-സൈനിക സ്ഥാപനങ്ങൾ 24 മണിക്കൂറും ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു തവണ മുന്നറിയിപ്പ് സൈറൺ പ്രവർത്തിപ്പിച്ചതോടെ, ആക്രമണം ആരംഭിച്ചതിനുശേഷം മൊത്തം 89 തവണ സൈറൺ മുഴങ്ങിയതായി അദ്ദേഹം അറിയിച്ചു. സൈറൺ മുഴങ്ങുകയോ പ്രതിരോധ നടപടികളുടെ ശബ്ദങ്ങൾ കേൾക്കുകയോ ചെയ്യുന്ന സമയത്ത് ജനങ്ങൾ ശാന്തരായി കെട്ടിടങ്ങളുടെ സുരക്ഷിത ഭാഗങ്ങളിൽ തുടരുകയും ജനാലകളും തുറസ്സായ സ്ഥലങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. ഔദ്യോഗിക അധികാരികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും മറ്റ് സൈനിക വിഭാഗങ്ങളിലെ അംഗങ്ങൾക്കും അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തി. ഇവർ കുവൈത്തിന്റെ സുരക്ഷയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി ആത്മാർത്ഥതയോടെയും ത്യാഗബോധത്തോടെയും സേവനം ചെയ്യുന്ന രാജ്യത്തിന്റെ ശക്തമായ കവചമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

