കുവൈറ്റ് സിറ്റി: വിപണിയിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി കുവൈറ്റ് ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റി നടത്തിയ പരിശോധനയിൽ അഞ്ച് ഭക്ഷണശാലകൾ പൂട്ടിച്ചു. തലസ്ഥാന ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗമാണ് ഈ നടപടി സ്വീകരിച്ചത്.മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത ആഹാരപദാർത്ഥങ്ങൾ വിൽക്കാൻ ശ്രമിച്ചു.
ഗുണനിലവാരമില്ലാത്തതും കലർപ്പുള്ളതുമായ ഭക്ഷണസാധനങ്ങൾ വിറ്റഴിച്ചതും അടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. ഫ്രോസൺ ഇറച്ചി പുറത്തെടുത്ത് തണുപ്പ് മാറ്റി ‘ഫ്രഷ്’ എന്ന വ്യാജേന വിൽക്കാൻ ശ്രമിച്ചു. ജോലിക്കിടയിൽ പാലിക്കേണ്ട പൊതുവായ ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. ആരോഗ്യ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
