കുവൈറ്റ്സിറ്റി: ഈദുൽ ഫിത്തർ പ്രമാണിച്ച് പെരുന്നാൾ സമ്മാനമായി വിതരണം ചെയ്യുന്നതിനായുള്ള പുതിയ നോട്ടുകൾ (ഈദിയ) ബാങ്കുകളിൽ നിന്ന് പിൻവലിക്കുമ്പോൾ യാതൊരുവിധ സർവീസ് ചാർജുകളും ഈടാക്കരുതെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. 1, 5, 10, 20 ദിനാർ എന്നിങ്ങനെയുള്ള ഏത് മൂല്യത്തിലുള്ള നോട്ടുകൾ പിൻവലിച്ചാലും ഈ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണം. നിലവിൽ ചില ബാങ്കുകൾ ഒരു നിശ്ചിത തുകയിൽ താഴെയുള്ള പണം പിൻവലിക്കുമ്പോൾ ഈടാക്കാറുള്ള ഫീസുകൾ ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പരിധിക്ക് താഴെയുള്ള തുക പിൻവലിക്കുമ്പോഴും ഈ ഇളവ് ബാധകമായിരിക്കും. സാധാരണയായി പല ബാങ്കുകളും 1,500 ദിനാറിനും 2,000 ദിനാറിനും താഴെ പണം നേരിട്ട് പിൻവലിക്കുമ്പോൾ ചാർജ് ഈടാക്കാറുണ്ട്. എന്നാൽ പെരുന്നാൾ ആവശ്യങ്ങൾക്കായി പുതിയ നോട്ടുകൾ എടുക്കുമ്പോൾ ഇത്തരം ചാർജുകളിൽ നിന്ന് ഉപഭോക്താക്കളെ പൂർണ്ണമായും ഒഴിവാക്കി.
ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള പണമിടപാടുകൾ സുഗമമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നോട്ടുകളുടെ വിതരണത്തിനായി രാജ്യത്തെ വിവിധ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും സെൻട്രൽ ബാങ്ക് ആവശ്യമായ തുക ലഭ്യമാക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി പ്രമുഖ ഷോപ്പിംഗ് മാളുകളിലും വിവിധ മൂല്യങ്ങളിലുള്ള പുതിയ നോട്ടുകൾ ലഭ്യമാകുന്ന പ്രത്യേക എടിഎം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെരുന്നാൾ സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിലനിർത്തുന്നതിന് പൊതുജനങ്ങൾക്ക് പരമാവധി സൗകര്യം ഒരുക്കണമെന്ന് എല്ലാ പ്രാദേശിക ബാങ്കുകൾക്കും സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.
