കുവൈത്ത് സിറ്റി: വിമാനക്കമ്പനികളോടും ട്രാവൽ/ടൂറിസം ഓഫീസുകളോടും ബന്ധപ്പെട്ട എല്ലാ പരാതികളും ഇനി ‘സാഹൽ’ (Sahel) ആപ്പ് വഴി ഇലക്ട്രോണിക് രീതിയിൽ സമർപ്പിക്കണമെന്ന് കുവൈത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) യാത്രക്കാരെ ഓർമ്മിപ്പിച്ചു.പരാതികൾ സമർപ്പിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും ചേർക്കുകയും സാഹൽ ആപ്പിലെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. അങ്ങനെ ചെയ്താൽ പ്രത്യേക വിദഗ്ധസംഘം പരാതികൾ ശരിയായി പരിശോധിക്കാൻ സാധിക്കുമെന്ന് DGCA അറിയിച്ചു.
സിവിൽ ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട വികസന നിർദ്ദേശങ്ങൾ സമർപ്പിക്കാനോ, സാഹൽ ആപ്പിൽ നൽകിയ പരാതികൾക്ക് മറുപടി ലഭിക്കുന്നതിൽ വൈകുന്നതിനെക്കുറിച്ച് അറിയിക്കാനോ, മറ്റ് അഭിപ്രായങ്ങൾ പങ്കുവയ്ക്കാനോ “തവാസുൽ” (Tawasul) പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു. ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന എല്ലാ പരാതികളും നിർദ്ദേശങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നും അറിയിച്ചു.
ഇതിന് മുമ്പ് DGCA പുറത്തിറക്കിയ നിർദ്ദേശപ്രകാരം, നിലവിലുള്ള പ്രത്യേക സാഹചര്യങ്ങൾ മൂലം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളും റിസർവേഷനുകളും 15 പ്രവൃത്തി ദിവസത്തിനുള്ളിൽ യാത്രക്കാരക്ക് പൂർണ്ണമായി തിരിച്ചുനൽകണമെന്ന് വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദേശം നൽകിയിരുന്നു. ടിക്കറ്റ് ഉപയോഗിച്ചിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചുകിട്ടാനുള്ള അവകാശം യാത്രക്കാർക്കുണ്ടെന്നും, ടിക്കറ്റിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉപയോഗിക്കാത്ത ഭാഗത്തിന്റെ തുക പൂർണ്ണമായി തിരികെ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പരാതികൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിനായാണ് ഈ നടപടികളെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
