കുവൈത്ത് സിറ്റി: വായു ഗുണനിലവാരത്തെക്കുറിച്ച് ചില വാണിജ്യ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന റേറ്റിംഗുകൾ വിശ്വാസയോഗ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങളല്ലെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (EPA) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് ജനങ്ങളെയും താമസക്കാരെയും ബോധവൽക്കരിക്കുന്നതിനാണ് അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്.അത്തരം വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന റാങ്കിംഗുകൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ലോക രാജ്യങ്ങളുടെ വായു ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള വിശ്വാസയോഗ്യമായ മാനദണ്ഡമായി അവയെ പരിഗണിക്കാനാകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
അളക്കൽ രീതികളും മാനദണ്ഡങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഇതിന് കാരണം.ഓരോ രാജ്യത്തിനും അവരുടെ പരിസ്ഥിതി സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് രൂപപ്പെടുത്തിയ സ്വന്തമായ ദേശീയ മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും അവ സർക്കാർ നിയമങ്ങളും ചട്ടങ്ങളും വഴി നടപ്പിലാക്കപ്പെടുന്നതാണെന്നും EPA അറിയിച്ചു.ജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
