കുവൈത്ത്സിറ്റി: ഐഫോണുകളിൽ നാഷണൽ എമർജൻസി അലർട്ട്സ് സർവീസ് പ്രവർത്തിക്കാൻ ഉപകരണങ്ങൾ ഏറ്റവും പുതിയ iOS 26.4 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് അറിയിച്ചു.സിവിൽ ഡിഫൻസിലെ അലാറം സിസ്റ്റംസ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ യൂസഫ് അൽ-ഒതൈബി മാധ്യമ ബ്രിഫിംഗിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്ഡേറ്റ് ചെയ്താൽ മാത്രമേ അടിയന്തര മുന്നറിയിപ്പുകൾ തൽക്ഷണം ഫോണുകളിൽ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.നാഷണൽ എമർജൻസി അലർട്ട് സിസ്റ്റത്തിന്റെ ആദ്യ ലൈവ് പരീക്ഷണം വ്യാഴാഴ്ച എല്ലാ ഫോണുകളിലും ആരംഭിച്ചു.
ആൻഡ്രോയിഡ്, ഹുവാവേയ്, ഐഫോൺ ഉപകരണങ്ങളിലേക്കും അലർട്ടുകൾ വിജയകരമായി അയച്ചതായി അധികൃതർ അറിയിച്ചു.അലർട്ട് ലഭിക്കുന്നതിന് Settings → Notifications → KWT Alert എന്ന ഭാഗത്ത് പോയി ഓപ്ഷനുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിൽ National Warning Alerts എന്ന ഓപ്ഷൻ സ്വയം സജീവമാകുന്നതും ഉയർന്ന അപകടസാധ്യതയുള്ള അടിയന്തര സാഹചര്യങ്ങളിൽ എല്ലാവർക്കും മുന്നറിയിപ്പ് ലഭിക്കുന്നതിന് ഇത് നിർബന്ധമാണെന്നും വ്യക്തമാക്കി.
സിസ്റ്റം പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായി ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ തുടർച്ചയായ പരിശോധനകളും സാങ്കേതിക മെച്ചപ്പെടുത്തലുകളും നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
