കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികൾ വൻ തകർച്ച നേരിടുമ്പോഴും കുവൈത്ത് സാമ്പത്തിക മേഖല മികച്ച പ്രതിരോധശേഷി പ്രകടിപ്പിക്കുന്നു. ആഗോള വിപണികളിൽ 7.4% മുതൽ 60% വരെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ കുവൈത്ത് വിപണിയിലുണ്ടായ ഇടിവ് കേവലം 1.4% മാത്രമാണെന്ന് സാമ്പത്തിക നിക്ഷേപ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. കുവൈത്ത് ദിനാറിന്റെ സ്ഥിരതയും രാജ്യത്തിന്റെ കരുത്തുറ്റ സാമ്പത്തിക അടിത്തറയുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
വിദേശ നിക്ഷേപകർക്ക് മുൻനിര കമ്പനികളിൽ നിന്ന് ലഭിക്കേണ്ട ലാഭവിഹിതം അക്കൗണ്ടുകളിൽ സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തുക പുതിയ നിക്ഷേപ അവസരങ്ങളിലേക്ക് മാറ്റാനോ ലിക്വിഡ് ഹോൾഡിംഗായി നിലനിർത്താനോ ആണ് നിക്ഷേപകർ താല്പര്യപ്പെടുന്നത്.
ആഗോള വിപണിയിലെ അസ്ഥിരത കണക്കിലെടുത്ത് കൂടുതൽ ലാഭം ഉറപ്പുനൽകുന്ന സുരക്ഷിത നിക്ഷേപങ്ങളിലേക്ക് വൻതോതിൽ പണമൊഴുക്ക് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സാമ്പത്തിക വർഷം മുഴുവൻ പല കമ്പനികളും തങ്ങളുടെ ത്രൈമാസ ലാഭവിഹിത വിതരണം മുടങ്ങാതെ തുടരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
