കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനും തന്ത്രപ്രധാനമായ സംഭരണശാലകൾ സ്ഥാപിക്കുന്നതിനായി അനുയോജ്യമായ ഭൂമി ലഭ്യമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ എല്ലാ സുപ്രധാന മേഖലകളുടെയും ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം.തിങ്കളാഴ്ച നടന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പൽ-ഭവന കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ മഷാരി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം, സാമ്പത്തിക-നിക്ഷേപ കാര്യ മന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കൂടാതെ, കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിഷാൽ ജാബർ അൽ-അഹമ്മദ് അൽ-സബാഹ്, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് സൗദ് സലേം അബ്ദുൽ അസീസ് അൽ-സബാഹ്, കുവൈറ്റ് വെയർഹൗസിംഗ് കമ്പനി ചെയർമാൻ ഹാസിം അൽ ഈസ എന്നിവരും ചർച്ചകളിൽ പങ്കാളികളായി.
