കുവൈത്ത് എയർവേയ്സ് സി.ഇ.ഒ യുമായി കൂടിക്കാഴ്ച്ച നടത്തി പ്രവാസി വെൽഫെയർ ഭാരവാഹികൾപശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി യാത്ര ചെയ്യേണ്ട പ്രവാസികൾക്കായി പ്രവാസി വെൽഫെയർ കുവൈത്ത്ചാർട്ടർ വിമാനം ഒരുക്കി അയക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 7 ന് രാവിലെ 9 മണിക്ക് ദമാമിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.55 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും വൈകുന്നേരം 5.55 ന് തിരിച്ച് പറക്കുന്ന വിമാനം രാത്രി 9.30 ന് ദമാമിൽ എത്തിച്ചേരും. കുവൈത്തിൽ നിന്ന് പുറപ്പെടുന്നവർക്ക് ചെക്ക് ഇൻ നടപടിക്രമങ്ങൾ തുടങ്ങുന്നത് ഏപ്രിൽ 6 രാത്രി 10 മണിക്ക് ഖൈറാൻ മാളിലാണ്. ഇവിടെ നിന്നും യാത്രക്കാരെ ബസ് മാർഗം ദമാമിലെത്തിക്കും .യാത്ര പ്രതിസന്ധി കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കും ഈ ചാർട്ടർ വിമാനം ഏറെ ആശ്വാസമാകും. ചാർട്ടർ വിമാനവുമായി ബന്ധപ്പെട്ട് കുവൈത്ത് എയർവേയ്സുമായി സംഘടന കരാറിലെത്തി.
കുവൈത്ത് എയർവേയ്സ് സി.ഇ.ഒ ക്യാപ്റ്റൻ അബ്ദുൽവഹാബ് അൽ ഷത്തിയുമായി ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി. പ്രവാസി വെൽഫെയറിന്റെ സേവനത്തെ അദ്ധേഹം പ്രശംസിക്കുകയും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സാധ്യമാകുന്ന എല്ലാ പിന്തുണയും അദ്ധേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊൻമുണ്ടം, വൈസ് പ്രസിഡണ്ട് ലായിക്ക് അഹമ്മദ് , ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
