കുവൈറ്റ് സിറ്റി: രാജ്യത്തെ വിപണികളിൽ വിലസ്ഥിരത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ ചൂഷണം തടയുന്നതിനുമായി പരിശോധന കർശനമാക്കി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം.
നിർമ്മാണ സാമഗ്രികളുടെ വില നിലവാരം നിരീക്ഷിക്കുന്നതിനായി ഷുവൈഖ് മേഖലയിലെ കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം പ്രത്യേക പരിശോധന നടത്തി. വിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.അഹമ്മദി, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിൽ നടന്ന വിപുലമായ ഫീൽഡ് പരിശോധനകളിൽ വിവിധയിനം നിയമലംഘനങ്ങളിലായി 120 റിപ്പോർട്ടുകൾ എമർജൻസി ഇൻസ്പെക്ഷൻ ടീമുകൾ രേഖപ്പെടുത്തി.
ഇതിനുപുറമെ, എനർജി ഡ്രിങ്കുകളുടെ വിൽപ്പനയിലും വിതരണത്തിലും നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചതിന് മൂന്ന് സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പും നൽകി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
