കുവൈറ്റ് സിറ്റി: കുവൈറ്റ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ അൽ-മുബാറക്കിയ മാർക്കറ്റിലെ ഏറ്റവും പഴയ പൈതൃക വിപണികളിലൊന്നാണ് ആയുധ വിപണി അഥവാ ‘സൂഖ് അൽ-സിലാഹ്’. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രാദേശിക സമൂഹത്തിന്റെ ജീവിതത്തിൽ വേട്ടയാടൽ ഉപകരണങ്ങൾക്കും യുദ്ധസാമഗ്രികൾക്കും വലിയ പ്രാധാന്യമുണ്ടായിരുന്ന കാലത്താണ് ഈ വിപണി വാണിജ്യ കേന്ദ്രമായി രൂപംകൊണ്ടത്.
പരമ്പരാഗത ലഘു ആയുധങ്ങളായ വേട്ടയാടൽ തോക്കുകൾ, അവയുടെ അനുബന്ധ സാമഗ്രികൾ, അറ്റകുറ്റപ്പണികൾക്കുള്ള ഭാഗങ്ങൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന കേന്ദ്രമായിരുന്നു ഈ മാർക്കറ്റ്. ഇതിനുപുറമെ വാളുകൾ, കഠാരകൾ തുടങ്ങിയ മൂർച്ചയേറിയ ആയുധങ്ങളും ഇവിടെ വിൽക്കപ്പെട്ടിരുന്നു. കുവൈറ്റിന്റെ സംസ്കാരത്തിന്റെ ഭാഗമായ വേട്ടയാടൽ പാരമ്പര്യം നിലനിർത്തുന്നതിൽ ഈ വിപണി വലിയ പങ്കുവഹിച്ചു.
പ്രശസ്ത ചരിത്രകാരൻ ഫർഹാൻ അബ്ദുള്ള അൽ-ഫർഹാൻ ഈ വിപണിയുടെ ചരിത്രപരമായ പ്രാധാന്യം വിശദീകരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഗരത്തിനുള്ളിലെ ഉൾപ്രദേശങ്ങളിലായിരുന്നു ഈ വിപണി ആദ്യം നിലനിന്നിരുന്നത്. പിന്നീട് അൽ-മുബാറക്കിയ മാർക്കറ്റ് സ്ഥാപിതമായതോടെ, അതിന്റെ തെക്കുഭാഗം ആയുധ വിപണിക്കായി പ്രത്യേകമായി അനുവദിക്കപ്പെടുകയായിരുന്നു. ഇന്നും മാറ്റമില്ലാതെ തുടരുന്ന ഈ പ്രദേശം കുവൈറ്റിന്റെ കച്ചവട ചരിത്രത്തിലെയും പൈതൃകത്തിലെയും ഒഴിച്ചുകൂടാനാവാത്ത കണ്ണിയായി നിലകൊള്ളുന്നു.
