കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിൽ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 93 വ്യാപാര നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അൽ ഫർവ്വാനിയ, കാപ്പിറ്റൽ, അൽ അഹമ്മദി എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ച് അധികൃതർ നടത്തിയ പ്രത്യേക പരിശോധന കാമ്പയിനുകളിലാണ് ഈ നടപടി. അൽ ഫർവ്വാനിയ ഗവർണറേറ്റിൽ മാത്രം 30 ഓളം നിയമലംഘനങ്ങളാണ് നിരീക്ഷണ സംഘം കണ്ടെത്തിയത്. ഉറവിടം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന, നിരോധിക്കപ്പെട്ട പുകയില ഉൽപ്പന്നങ്ങളുടെ വിപണനം, സ്വർണ്ണാഭരണങ്ങളിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, നൽകാത്ത സേവനങ്ങളെക്കുറിച്ച് തെറ്റായ പരസ്യം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവിടെ പ്രധാനമായും കണ്ടെത്തിയത്.
ഇതിനുപുറമെ ലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് അയക്കുകയും എനർജി ഡ്രിങ്കുകളുടെ വിൽപ്പനയിൽ നിയമം ലംഘിച്ച ഗ്രോസറി സ്റ്റോറുകൾക്ക് താക്കീത് നൽകുകയും ചെയ്തു.കാപ്പിറ്റൽ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ 63 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പുതിയതും പുനർനിർമ്മിച്ചതുമായ സ്പെയർ പാർട്സുകൾക്ക് വാറന്റി കാലാവധി രേഖപ്പെടുത്താത്തതും എനർജി ഡ്രിങ്കുകളുടെ വിൽപ്പനയിലെ ചട്ടലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ ഡ്രോണുകളുടെ വിൽപ്പനയും വ്യാപാരവും നിരോധിച്ചുകൊണ്ടുള്ള 2026-ലെ 31-ാം നമ്പർ മന്ത്രിതല ഉത്തരവ് ലംഘിച്ചതായും പരിശോധനയിൽ കണ്ടെത്തി. നിരോധനം ലംഘിച്ച് ഡ്രോണുകൾ വിറ്റ ഒരു സ്ഥാപനത്തിനെതിരെ ഔദ്യോഗികമായി നടപടി സ്വീകരിച്ചിട്ടുണ്ട്. വിപണിയിലെ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
