കുവൈറ്റ് സിറ്റി: വിമാനത്താവളം വഴി മരുന്നുകൾ കടത്തുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
മന്ത്രാലയത്തിന്റെ നിലവിലുള്ള പ്രവർത്തന രീതികളോ നടപടിക്രമങ്ങളോ അല്ല വീഡിയോയിൽ കാണുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും വൈദ്യുത ഉപകരണങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് അത്യാധുനികമായ മേൽനോട്ട സംവിധാനമാണ് രാജ്യം പിന്തുടരുന്നത്. ഭരണനിർവ്വഹണത്തിലും വിതരണ ശൃംഖലയിലും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുതാര്യത മന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദേശീയ ആരോഗ്യ സ്ഥാപനങ്ങളെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഇത്തരം തെറ്റായ വിവരങ്ങൾ ജനങ്ങളിൽ ആശയക്കുപ്പമുണ്ടാക്കുന്നതിനാലാണ് നിയമപരമായ നീക്കങ്ങൾ നടത്താൻ മന്ത്രാലയം തീരുമാനിച്ചത്. തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
