കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഉപഭോക്താക്കൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മുട്ടകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങി കാസ്മ കമ്പനി. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള കാസ്മ കമ്പനി, ഒമേഗ-3 ധാരാളമായി അടങ്ങിയതും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യമില്ലാത്തതുമായ മുട്ടകളാണ് പ്രാദേശിക വിപണിയിൽ എത്തിക്കുന്നത്. ശാസ്ത്രീയമായ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഈ മുട്ടകൾ ഉടൻ തന്നെ രാജ്യത്തെ സഹകരണ സംഘങ്ങളിലും സൂപ്പർമാർക്കറ്റുകളിലും വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് കമ്പനി ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് അൽ ദുവൈസാൻ അറിയിച്ചു.
പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ഭക്ഷ്യരംഗത്ത് വലിയ മുന്നേറ്റമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ എട്ടോളം ഭക്ഷ്യോൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിന് പുറമെ ഊർജ്ജം, നിർമ്മാണം, പെട്രോളിയം തുടങ്ങിയ മേഖലകളിലും കമ്പനി സജീവമാണ്. ശാസ്ത്രീയ ഗവേഷണ ശാലകളിൽ നിന്നും വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിലൂടെ ഗുണമേന്മയുള്ള ആഹാരം മിതമായ നിരക്കിൽ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
