കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരുടെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അക്കാദമിക് യോഗ്യതാ രേഖകൾ പുതുക്കുന്നതിനായി ‘മൈ അക്കാദമിക് സർട്ടിഫിക്കറ്റ്’ എന്ന പുതിയ ഡിജിറ്റൽ സേവനം മന്ത്രാലയം പുറത്തിറക്കി. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും ഭരണപരമായ നടപടികൾ ലഘൂകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
സർട്ടിഫിക്കറ്റ് പരിശോധനാ സമിതിയുമായി ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ ബന്ധപ്പെട്ട ജീവനക്കാർക്ക് സർക്കാർ സേവന പ്ലാറ്റ്‌ഫോമായ ‘സഹേൽ’ ആപ്ലിക്കേഷൻ വഴി അറിയിപ്പുകൾ നൽകിയിട്ടുണ്ട്.അധ്യാപകർ, ഭരണവിഭാഗം ജീവനക്കാർ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നിശ്ചിത ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ അക്കാദമിക് വിവരങ്ങൾ പുതുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇതിനായി ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പൂർണ്ണമായും ഡിജിറ്റൽ സംവിധാനം വഴി നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ വ്യക്തമാക്കി.
2026 ഏപ്രിൽ 14 മുതൽ മെയ് 14 വരെ ഒരു മാസക്കാലയളവിലാണ് ഈ സേവനം ലഭ്യമാകുക. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം രണ്ട് ഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വിവരങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
