കുവൈത്ത് സിറ്റി: പ്രാദേശിക സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷാ തയ്യാറെടുപ്പുകളും പൊതുസുരക്ഷയും സംബന്ധിച്ച് കുവൈത്ത് മന്ത്രിസഭ യോഗം വിശദമായി വിലയിരുത്തി. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് അധ്യക്ഷനായാണ് യോഗം ചേർന്നത്.നിലവിലെ സാഹചര്യത്തിൽ പൊതുസേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വിവിധ സർക്കാർ ഏജൻസികൾ സ്വീകരിച്ച നടപടികളും മന്ത്രിസഭ വിലയിരുത്തി.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നും, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സർക്കാർ തുടർച്ചയായി സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രിസഭ വ്യക്തമാക്കി.
