കുവൈറ്റ് സിറ്റി: ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തി. ഉപയോഗശൂന്യമായ പഴയ ടയറുകൾ ശേഖരിച്ച് വൃത്തിയാക്കി പുതിയതെന്ന വ്യാജേന വിൽക്കുന്ന ഗോഡൗണാണ് മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം കണ്ടെത്തിയത്.
ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ടീം നടത്തിയ ഈ പരിശോധനയിൽ, 1,170-ഓളം പഴയ ടയറുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. ഉപയോഗിച്ച ടയറുകൾ ശാസ്ത്രീയമായ പരിശോധനകളില്ലാതെ വീണ്ടും വിൽക്കുന്നത് റോഡപകടങ്ങൾ വർദ്ധിപ്പിക്കുമെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തിയ ഗോഡൗൺ ഉദ്യോഗസ്ഥർ ഉടനടി സീൽ ചെയ്യുകയും പിടിച്ചെടുത്ത ടയറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ഉടമകൾക്കും കുറ്റക്കാർക്കുമെതിരെ നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. വിപണിയിൽ സുരക്ഷിതമായ വാണിജ്യ സാഹചര്യം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
