കുവൈറ്റ് സിറ്റി: കുവൈറ്റ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ അൽ-മുബാറകിയ മാർക്കറ്റിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ഒന്നാണ് ആയുധ വിപണി (Arms Market). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഒരു വാണിജ്യ കേന്ദ്രമായി ഉയർന്നുവന്ന ഈ വിപണി, കുവൈറ്റിന്റെ പ്രാദേശിക ജീവിതത്തിന്റെയും പാരമ്പര്യത്തിന്റെയും സുപ്രധാന അടയാളം കൂടിയാണ്.
വേട്ടയാടലിന് ഉപയോഗിക്കുന്ന തോക്കുകൾ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ വ്യാപാരമായിരുന്നു ആദ്യകാലത്ത് ഇവിടെ പ്രധാനമായും നടന്നിരുന്നത്. വേട്ടയാടൽ ഉപകരണങ്ങൾ, അവയുടെ അറ്റകുറ്റപ്പണികൾക്കുള്ള സാമഗ്രികൾ, സ്പെയർ പാർട്സുകൾ എന്നിവ വാങ്ങാൻ എത്തുന്നവരുടെ പ്രധാന കേന്ദ്രമായിരുന്നു ഈ മാർക്കറ്റ്. തോക്കുകൾക്ക് പുറമെ വാളുകൾ, ഖഡ്ഗങ്ങൾ തുടങ്ങിയ പരമ്പരാഗത ആയുധങ്ങളും ഇവിടെ വിൽക്കപ്പെട്ടിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കുവൈറ്റിലെ ഉൾനാടൻ വിപണിയിലാണ് ആയുധ വിപണി ആരംഭിച്ചതെന്ന് ചരിത്രകാരൻ ഫർഹാൻ അബ്ദുള്ള അൽ-ഫർഹാൻ വ്യക്തമാക്കുന്നു. പിന്നീട് മുബാറകിയ മാർക്കറ്റ് സ്ഥാപിതമായതോടെ അതിന്റെ തെക്കുഭാഗം ആയുധ വിപണിക്കായി മാറ്റിവെച്ചു. ഇന്നും അതേ സ്ഥാനത്ത് തന്നെ ഈ വിപണി നിലനിൽക്കുന്നു. ആധുനിക കാലത്തും കുവൈറ്റിന്റെ പൗരാണിക സംസ്കാരത്തെയും പൈതൃകത്തെയും ഓർമ്മിപ്പിക്കുന്ന ഒരു കേന്ദ്രമായി മുബാറകിയയിലെ ഈ ആയുധ വിപണി നിലകൊള്ളുന്നു.
