കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന രണ്ട് വൻകിട അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലകളെ ലെബനീസ് സുരക്ഷാസേന തകർത്തു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും ലെബനീസ് അധികൃതരും തമ്മിലുള്ള ശക്തമായ രഹസ്യാന്വേഷണ ഏകോപനത്തിലൂടെയാണ് ഈ നിർണ്ണായക ഓപ്പറേഷൻ വിജയിച്ചത്. സൗഹൃദ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും തങ്ങളുടെ മണ്ണിൽ അനുവദിക്കില്ലെന്ന് ലെബനീസ് ആഭ്യന്തര മന്ത്രി അഹമ്മദ് ഹജ്ജാർ വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുശല്യമുണ്ടാക്കിയതിനും ലെബനനിൽ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് കുവൈറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാഫിയയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. ‘ദ ഡെവിൾ’ എന്ന രഹസ്യനാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാളായിരുന്നു ഈ രാജ്യാന്തര സംഘത്തിന്റെ ബുദ്ധികേന്ദ്രം. ലെബനനിൽ ഇരുന്നുകൊണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഇയാൾ കുവൈറ്റിലെ വിവിധ രാജ്യക്കാരായ ലഹരിമരുന്ന് വിതരണക്കാരെ നിയന്ത്രിച്ചിരുന്നത്.
അറബ് സഹോദര രാജ്യങ്ങളുടെ സുസ്ഥിരത തകർക്കുന്ന ഒരു പ്രവർത്തനത്തിനും ലെബനനെ താവളമാക്കാൻ അനുവദിക്കില്ലെന്നും സഖ്യരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഹജ്ജാർ കൂട്ടിച്ചേർത്തു. ലഹരിമരുന്ന് വിപണനം തടയുന്നതിനായി കുവൈറ്റും ലെബനനും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ഈ സംഘവുമായി ബന്ധപ്പെട്ട കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.
