കുവൈറ്റ് സിറ്റി: രാജ്യത്തെ കാർഷിക മേഖല നേരിടുന്ന തടസ്സങ്ങൾ നീക്കി പ്രാദേശിക ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്ന് അഹമ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് വ്യക്തമാക്കി. ശനിയാഴ്ച വാഫ്ര കാർഷിക മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനാ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക ഉൽപ്പാദനത്തിന്റെ തോത് വിലയിരുത്തുന്നതിനും ഫീൽഡ് തലത്തിലുള്ള പ്രവർത്തന പുരോഗതി നേരിട്ട് കണ്ടറിയുന്നതിനുമാണ് ഗവർണർ വാഫ്രയിലെത്തിയത്.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധ സേവന വകുപ്പുകളിലെ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.വാഫ്ര മേഖലയിലെ കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഗവർണർ വിശദമായി കേട്ടറിഞ്ഞു. ഭൂഗർഭജലം കൃഷിയിടങ്ങളിലേക്ക് കവിഞ്ഞൊഴുകുന്ന പ്രശ്നം, എണ്ണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാർഷിക മേഖലയിലുണ്ടാക്കുന്ന സ്വാധീനം തുടങ്ങിയവ കർഷകർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കൂടാതെ, വിളകൾ വിപണിയിലെത്തിക്കുന്നതിനായി ആഭ്യന്തര റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും ഉടനടി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുവൈറ്റിന്റെ കാർഷിക പുരോഗതിക്കായി കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഗവർണറേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
