കുവൈത്ത് സിറ്റി: ചില നിയന്ത്രിത മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെ ട്രാൻസ്ഫറിന് മുൻ തൊഴിലുടമയുടെ അനുമതി നിർബന്ധമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ എഞ്ചി. റബാബ് അൽ-ഒസൈമി അറിയിച്ചു.പ്രഥമ ഉപപ്രധാനമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ പുതിയ തീരുമാനപ്രകാരം, മേയ് ആരംഭം മുതൽ ജൂൺ അവസാനം വരെ ചെറിയ-ഇടത്തരം സ്ഥാപനങ്ങൾ, വ്യവസായം, കാർഷികം, മേയൽ, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെ മാറ്റം ചില നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.
ട്രാൻസ്ഫറിനായി മുൻ തൊഴിലുടമയുടെ അനുമതി നിർബന്ധമാണെന്നും ഈ നടപടിയുമായി ബന്ധപ്പെട്ട തൊഴിലാളി പരാതികൾ അതോറിറ്റി സ്വീകരിക്കില്ലെന്നും അൽ-ഒസൈമി വ്യക്തമാക്കി. അപേക്ഷകൾ “അസ്ഹൽ/കമ്പനീസ്” സേവനത്തിലൂടെ പ്രോസസ് ചെയ്യപ്പെടും.വ്യാപാര പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുക, തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുക, നിലവിലുള്ള തൊഴിലാളികളെ മികച്ച രീതിയിൽ വിനിയോഗിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
