.കുവൈത്ത് സിറ്റി: കുവൈത്തിലെ ഭക്ഷണശാലകളിൽ വിളമ്പുന്ന വിഭവങ്ങളുടെ പോഷകമൂല്യങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിൽ അംഗം ഫഹദ് അൽ-അബ്ദൽ ജാദർ പുതിയ നിർദ്ദേശം സമർപ്പിച്ചു.
റസ്റ്റോറന്റുകൾ നൽകുന്ന വിവരങ്ങളിൽ പലപ്പോഴും അപാകതകൾ കണ്ടുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ ആരോഗ്യം മുൻനിർത്തിയുള്ള ഈ നീക്കം. കലോറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ അളവ് കൃത്യമാണെന്ന് ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അമേരിക്കയിലെ എഫ്.ഡി.എ, സൗദിയിലെ എസ്.എഫ്.ഡി.എ എന്നീ അന്താരാഷ്ട്ര ഏജൻസികൾ പിന്തുടരുന്ന മാതൃകകൾ കുവൈത്തിലും നടപ്പിലാക്കാനാണ് പദ്ധതി.
അംഗീകൃത ലാബുകളിലോ സോഫ്റ്റ്വെയറുകളിലോ പരിശോധിച്ച് ‘ന്യൂട്രീഷണൽ ലേബൽ അപ്രൂവൽ സർട്ടിഫിക്കറ്റ്’ ലഭിക്കാതെ ഒരു റസ്റ്റോറന്റും മെനുവിൽ പോഷക വിവരങ്ങൾ നൽകാൻ പാടില്ല. ഓരോ വിഭവത്തോടൊപ്പവും ഒരു ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. ഉപഭോക്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഇത് സ്കാൻ ചെയ്താൽ ഭക്ഷണത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് നേരിട്ട് കാണാൻ സാധിക്കും തുടങ്ങിയവയാണ് നിര്‍ദേശങ്ങൾ.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിർദ്ദേശം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭക്ഷണത്തിലെ ചേരുവകളും തയ്യാറാക്കുന്ന രീതിയും സുതാര്യമാക്കുന്നതിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ സമിതിയുടെ അംഗീകാരത്തിനായി ഈ നിർദ്ദേശം സമർപ്പിക്കും.
