കുവൈത്ത് സിറ്റി: സംയുക്ത ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (KNET) തങ്ങളുടെ ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേയിൽ ജൂൺ 5 മുതൽ പുതിയ അപ്‌ഡേറ്റ് നടപ്പാക്കുമെന്ന് അറിയിച്ചു. പുതിയ സംവിധാനപ്രകാരം, ഉപയോക്താക്കൾ ബാങ്ക് തിരഞ്ഞെടുക്കേണ്ടതില്ല; പകരം കാർഡ് നമ്പർ നേരിട്ട് നൽകിയാണ് പേയ്‌മെന്റ് നടത്തേണ്ടത്. ഇത് ഇടപാട് പ്രക്രിയ കൂടുതൽ ലളിതമാക്കുകയും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.
ആഗോള ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ പുരോഗതിയോട് ഒത്തുനിൽക്കാനാണ് ഈ മാറ്റമെന്ന് KNET വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ പേയ്‌മെന്റ് മാർഗങ്ങൾ ഉൾപ്പെടുത്തുന്നതിനും ഈ അപ്‌ഡേറ്റ് സഹായകരമാകും. കുവൈത്തിലെ എല്ലാ ബാങ്കുകൾക്കും ഓട്ടോമേറ്റഡ് ബാങ്കിംഗ് സേവനങ്ങൾ KNET തുടർന്നും നൽകുന്നുണ്ടെന്നും, ഡിജിറ്റൽ ഫിനാൻഷ്യൽ സേവനങ്ങളിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതായും കമ്പനി അറിയിച്ചു.
