കുവൈത്ത് സിറ്റി: ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിലും നിരോധിത “തോംബാക്” വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും അധികൃതർ റെയ്ഡ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് ഡിപ്പാർട്മെന്റും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷനും ചേർന്നായിരുന്നു പരിശോധന.
സ്വകാര്യ വസതിയെ അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ച് ഭക്ഷ്യവിൽപ്പനയും ഉപഭോക്താക്കളെ സ്വീകരിക്കുന്ന പ്രവർത്തനങ്ങളും നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആരോഗ്യ അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനമാരംഭിച്ചതെന്നും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പാഴായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ നിയമലംഘകർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൂടാതെ “തോംബാക്” വിഭാഗത്തിൽപ്പെടുന്ന നിരോധിത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണും കണ്ടെത്തി പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ബന്ധപ്പെട്ടവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
