പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരബാദിലെ ചടങ്ങിൽ പങ്കെടുക്കവേയാണ് മോദി പുതിയ ആശയങ്ങൾ പങ്കുവെച്ചത്.അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും ‘വർക്ക് ഫ്രം ഹോം’ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.
കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
