കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിലെ ശുചിത്വ നിലവാരം ഉയർത്തുന്നതിനും റോഡ് കൈയേറ്റങ്ങൾ തടയുന്നതിനുമായി കുവൈത്ത് മുനിസിപ്പാലിറ്റി വ്യാപകമായ പരിശോധന നടത്തി. പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 20 വാഹനങ്ങൾ നീക്കം ചെയ്തു. കൂടാതെ പൊതുശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് 19 നിയമലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
പാതയോരങ്ങളിൽ കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ, വാട്ടർ ടാങ്കുകൾ, നിയമവിരുദ്ധമായ കിർബി മുറികൾ, വാഹനങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായി 84 മുന്നറിയിപ്പ് നോട്ടീസുകൾ അധികൃതർ നൽകി. ഇവ പിന്നീട് മുനിസിപ്പാലിറ്റിയുടെ പിടിച്ചെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസൗന്ദര്യം നിലനിർത്തുന്നതിന്റെ ഭാഗമായി 40 പഴയ മാലിന്യ കണ്ടെയ്നറുകൾ മാറ്റി പുതിയവ സ്ഥാപിക്കുകയും ഏകദേശം 1067 ലോഡ് മാലിന്യങ്ങൾ വിവിധ മേഖലകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
താമസസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനുമായി ഫീൽഡ് ടീമുകളുടെ പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് തടയുന്നതിനും എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
