കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ നിന്ന് ബിരുദം നേടിയ സർക്കാർ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ കൂടുതൽ കർശനമായി പരിശോധിക്കാനായി സിവിൽ സർവീസ് ബ്യൂറോ പുതിയ സർക്കുലർ പുറത്തിറക്കി. സൂപ്പർവൈസറി, നേതൃസ്ഥാനങ്ങളിലേക്ക് നിയമനം ലഭിക്കാൻ മുമ്പ് വിദേശ സർവകലാശാല ബിരുദങ്ങൾ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരവും സമതുല്യത സർട്ടിഫിക്കേഷനും നിർബന്ധമാക്കിയാണ് നടപടി.
സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബോഡികൾ എന്നിവയ്ക്ക് അയച്ച സർക്കുലറിൽ വിദ്യാഭ്യാസ രേഖകളുടെ വിശ്വാസ്യതയും പരസ്യതയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം. സർക്കാർ സ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിലേക്ക് അപേക്ഷിക്കുന്ന ജീവനക്കാരുടെ യോഗ്യതയും വിദ്യാഭ്യാസ രേഖകളുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിനായാണ് പുതിയ സംവിധാനം ശക്തമാക്കിയിരിക്കുന്നത്.

